മുതലമട: പ്ലസ് ടു വിദ്യാർഥിനിയെ വിജനമായ പ്രദേശത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപികയാണ്‌ (17) മരിച്ചത്. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു പോയ വിദ്യാർഥിയുടെ മൃതദേഹം വീടിന് അര കിലോമീറ്റർ ദൂരെയുള്ള പാറമേട്ടിലാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

To advertise here,

സ്കൂളിൽനിന്നു വരേണ്ടസമയം കഴിഞ്ഞും കാണാത്തതിനെത്തുടർന്ന് സാധാരണയായി മകൾ ഇരിക്കാറുള്ള പാറമേട്ടിലേക്ക് അമ്മ ഷീബ വൈകീട്ട് ആറോടെ അന്വേഷിച്ചെത്തി. പാറമേട്ടിൽ മകൾ കത്തിക്കരിഞ്ഞു കിടക്കുന്നതു കണ്ട ഷീബ നിലവിളിച്ച് കരഞ്ഞ് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം ബി. മണികണ്ഠൻ പോലീസിനു വിവരം നൽകി. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിനരികിൽനിന്ന് ബാഗ്, മൊബൈൽ ഫോൺ, ഡയറി എന്നിവ കണ്ടെടുത്തു.

മണ്ണെണ്ണ തലയിലൂടെ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമികനിഗമനം. മരണകാരണം ഡയറിയിൽ എഴുതിയതായി വിവരമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ പാറയിലും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചു ഗോപിക എഴുതിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. കൊല്ലങ്കോട് ബിഎസ്എസ് എച്ച്‌എസ്എസിലെ വിദ്യാർഥിയാണ് ഗോപിക. സഹോദരൻ: ഗോകുൽ.