
ഇന്ദോര്‍/ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയവിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതികളായ സോനം രഘുവംശിയും കാമുകനായ രാജ് കുശ്വാഹയും പരസ്പരം സംസാരിക്കാനായി പ്രത്യേകം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായാണ് ഏറ്റവും പുതിയ വിവരം. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ആളുകള്‍ക്കിടയില്‍ സഹോദരങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സോനം രഘുവംശിയെ രാജ് കുശ്വ 'ചേച്ചീ' എന്നാണ് വിളിച്ചിരുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശിയെ ഹണിമൂണ്‍ യാത്രയ്ക്കിടെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശി, കാമുകന്‍ രാജ് കുശ്വാഹ എന്നിവരെയും വാടകകൊലയാളികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന സോനവും രാജ് കുശ്വാഹയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും രാജാ രഘുവംശിയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞിരുന്നു.
ഒരേ ഓഫീസില്‍ ജോലി, അടുപ്പം...
രണ്ടുവര്‍ഷം മുമ്പ് ജോലിസ്ഥലത്തുവെച്ചാണ് സോനം രഘുവംശിയും രാജ് കുശ്വാഹയും പരിചയപ്പെടുന്നത്. അന്ന് സോനത്തിന് 23 വയസ്സും രാജ് കുശ്വാഹയ്ക്ക് 18 വയസ്സുമായിരുന്നു പ്രായം. സോനത്തിന്റെ അച്ഛന്‍ ഇന്ദോറിലെ പ്രമുഖനായ പ്ലൈവുഡ് വ്യാപാരിയാണ്. വര്‍ഷത്തില്‍ കോടികള്‍ വരുമാനമുള്ള ഇദ്ദേഹം അസുഖബാധിതനായതോടെ മകന്‍ ബിസിനസ് ഏറ്റെടുത്തു. 2023-ലാണ് സോനം രഘുവംശിയും സഹോദരന്റെ സ്ഥാപനത്തില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലിക്കെത്തുന്നത്. ഈ സമയം കമ്പനിയിലെ ബില്ലിങ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്നു രാജ് കുശ്വ.
ജോലിസ്ഥലത്തുള്ള ഇരുവരുടെയും പരിചയം പതുക്കെ പ്രണയമായി വളര്‍ന്നു. പക്ഷേ, പരസ്യമായി ശൃംഗരിക്കാനോ ആളുകള്‍ക്ക് സംശയം തോന്നുന്നവിധം സംസാരിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. തന്നെക്കാള്‍ അഞ്ചുവയസ്സ് കൂടുതലുള്ള സോനത്തെ 'ചേച്ചി' എന്നാണ് രാജ് കുശ്വാഹ മറ്റുള്ളവര്‍ക്കിടയില്‍ അഭിസംബോധനചെയ്തിരുന്നത്. എന്നാല്‍, അടുപ്പത്തിലായതോടെ ഇരുവരും മൊബൈല്‍ഫോണ്‍ വഴി ദിവസവും മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ഇതിനായി രണ്ടുപേരും പ്രത്യേകം സിംകാര്‍ഡുകളും ഉപയോഗിച്ചു. രണ്ടുപേരുടെയും ഈ രഹസ്യനമ്പറുകള്‍ ആര്‍ക്കും അറിയുമായിരുന്നില്ല. സോനത്തിന്റെ വിവാഹത്തിനുശേഷം കൊലപാതകം ആസൂത്രണംചെയ്യാനും ഇതേ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പരസ്പരം സംസാരിച്ചിരുന്നത്.
വിവാഹം, പിന്നാലെ കൊലപാതകത്തിന് ആസൂത്രണം...
കൊല്ലപ്പെട്ട രാജാ രഘുവംശിയും കുടുംബവും ഇന്ദോറിലെ പ്രമുഖ ബിസിനസുകാരാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയുമായി സോനത്തിന്റെ വിവാഹം ഉറപ്പിച്ചതും ഇരുവരുടെയും വീട്ടുകാരായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് 11-ന് ആഡംബരമായി തന്നെ വിവാഹം കഴിഞ്ഞു. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയ്ക്ക് തന്നെ താത്പര്യമില്ലെന്ന് രാജാ രഘുവംശി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഇതോടെ അമ്മ മരുമകളോട് കാര്യം തിരക്കി. എന്നാല്‍, ഓഫീസിലെ ജോലിത്തിരക്ക് കാരണമാണ് ഭര്‍ത്താവിനൊപ്പം സമയം ചെലവിടാന്‍ കഴിയാത്തതെന്നായിരുന്നു സോനത്തിന്റെ മറുപടി. പിന്നാലെ, ഭര്‍ത്താവുമായി സോനം കൂടുതല്‍ സംസാരിക്കാനും തുടങ്ങി. ഇതിനുശേഷമാണ് സോനംതന്നെ മേഘാലയയിലേക്കുള്ള ഹണിമൂണും പ്ലാന്‍ചെയ്തത്.
വിവാഹം കഴിഞ്ഞ് മൂന്നാംദിവസംതന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ സോനവും കാമുകനും ചേര്‍ന്ന് ആസൂത്രണംചെയ്തുതുടങ്ങിയിരുന്നു. മേയ് 16-ാം തീയതി മാത്രം സോനവും കാമുകനും ആറുമണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. രാത്രി ഒൻപത് മണിമുതല്‍ പുലര്‍ച്ചെ മൂന്നുമണിവരെയാണ് ഇരുവരും തുടര്‍ച്ചയായി സംസാരിച്ചത്. ഈ സംഭാഷണത്തിലാണ് കൊലപാതകത്തിന്റെ മിക്ക കാര്യങ്ങളും ആസൂത്രണംചെയ്തത്.
മേയ് 17-ാം തീയതി രാജ് കുശ്വാഹ തന്റെ പഴയകാല സുഹൃത്തുക്കളും വാടക കൊലയാളികളുമായ ആകാശ് രാജ്പുത്, വിശാല്‍ സിങ്, ആനന്ദ് കുര്‍മി എന്നിവരെ നേരിട്ടുകണ്ടു. ആദ്യം നാല് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സോനം ഇരുപതുലക്ഷം രൂപ വാഗ്ദാനംചെയ്തു. തുടര്‍ന്ന് ക്വട്ടേഷന്‍ ഉറപ്പിക്കുകയുംചെയ്തു.
ഹണിമൂണും കാണാതാകലും...
മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.
പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും നിര്‍ണായകമായി.
സംഭവത്തില്‍ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വാഹ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി 'ഓപ്പറേഷന്‍ ഹണിമൂണ്‍' എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വാഹ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Meghalaya Honeymoon Murder: Sonam Raghuwanshi and Raj Kushwa love story
Published: 10 Jun 2025, 09:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented