ഭുവനേശ്വര്‍: സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഉപദ്രവിക്കുന്നതും സ്ഥിരമാക്കിയ അറുപതുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഒഡിഷയിലെ ഒരുകൂട്ടം സ്ത്രീകള്‍. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. കുയ്ഹുരു ഗ്രാമത്തിലെ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ എട്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

To advertise here,

മാലികിന്റെ വീട്ടില്‍ ആരുമില്ലാതിരുന്ന ജൂണ്‍ രണ്ടാം തീയതിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുടുംബം തിരിച്ചെത്തിയപ്പോള്‍ മാലികിനെ കാണാനില്ലായിരുന്നു. പരിസരത്തൊക്കെ അന്വേഷിച്ച ശേഷം ഇവര്‍ മൊഹാന പോലീസ് സ്‌റ്റേഷനിലെത്തി മാലികിനെ കാണാനില്ലെന്ന് കാട്ടി പരാതിനല്‍കി. പോലീസ് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്ത് മരിച്ച നിലയില്‍ മാലികിനെ കണ്ടെത്തുകയായിരുന്നു. പാതിവെന്ത നിലയിലായിരുന്നു മൃതദേഹം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുറ്റസമ്മതം നടത്തിയത്. 

താന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം മാലിക് തന്നെ പീഡിപ്പിച്ചതായും അതിന്റെ പ്രതികാരമായാണ് അയാള്‍ വീട്ടില്‍ ഒറ്റയ്ക്കായ സമയത്ത് താന്‍ അയാളെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു മാലികിനെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത് എന്നാണ് യുവതിയുടെ മൊഴി. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് മാലികിന്റെ മൃതദേഹം ഇത്രയുംദൂരം കൊണ്ടിടാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പോലീസിനെ കൂട്ടുപ്രതികളിലേക്ക് എത്തിച്ചത്. 

പോലീസിന്റെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കാലങ്ങളായി ഗ്രാമത്തിലെ സ്ത്രീകളെ മാലിക് ഉപദ്രവിച്ചുവന്നിരുന്നതായാണ് വിവരം. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ക്കയറി വരെ മാലിക് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും മാലിക് തന്റെ സ്വഭാവം മാറ്റാന്‍ തയ്യാറായില്ല. 

മാത്രമല്ല, മാലിക് ചില മന്ത്രവാദ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ ഇയാളെ കൂടുതല്‍ എന്തെങ്കിലും പറയാനോ ചെയ്യാനോ ഭയപ്പെട്ടിരുന്നു. പേടിയും അപമാനവും കാരണം ആരും ഇയാള്‍ക്കെതിരെ പോലീസിൽ പരാതിനല്‍കിയിരുന്നില്ല. സഹികെട്ടാണ് സ്ത്രീകള്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സ്ത്രീകളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടന്നുവരുന്നതായി മൊഹാന പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.