
ന്യൂഡൽഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തിനായുള്ള അവകാശവാദത്തർക്കം കോടതി കയറിയിറങ്ങുകയാണ്. സ്വത്തുക്കളെല്ലാം തനിക്ക് എഴുതിക്കിട്ടിയെന്ന വാദം ഉന്നയിക്കുന്ന ഭാര്യ പ്രിയാ സച്ച്‌ദേവ് കപുറിനെതിരേ സഞ്ജയ് കപുറിന്റെ മാതാവ് റാണി കപുറും മുൻ ഭാര്യ കരിഷ്മ കപുറിന്റെ മക്കളുമാണ് പരാതി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലിലാണ് ചർച്ച മുമ്പോട്ട് പോകുന്നത്.
ഇപ്പോൾ നടക്കുന്ന മധ്യസ്ഥശ്രമം പരാജയപ്പെട്ടാൽ നിയമപ്രകാരം മുന്നോട്ട് പോകാൻ ഇരുപക്ഷത്തെയും അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെയെന്നും കുടുംബ തർക്കം സൗഹാർദ്ദപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. മധ്യസ്ഥ നടപടികൾ തൃപ്തികരായി പുരോഗമിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥത പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് ഒരു പരിഹാരം കാണേണ്ടതുണ്ടെന്നും ഇതിനായി പരിശ്രമിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡിനെ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ നേരത്തെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടന്നുവരികയാണ്. തർക്കത്തിൽ സൗഹാർദ്ദപരമായ പര്യവസാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, എസ്റ്റേറ്റിന്റേയും മറ്റു ആസ്തികളുടേയും നിയന്ത്രണം സംബന്ധിച്ച നിയമനടപടികൾ ഡൽഹി ഹൈക്കോടതിയിൽ പരിഗണനയിലാണ്.
53-കാരനായ സഞ്ജയ് കപൂർ 2025 ജൂണിൽ ഇംഗ്ലണ്ടിൽ വെച്ചാണ് മരിച്ചത്. ഗാർഡ്സ് പോളോ ക്ലബ്ബിൽ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ തേനീച്ചയെ വിഴുങ്ങുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോർട്ട്. തൊണ്ടയിൽ തേനീച്ചക്കുത്തേറ്റ സഞ്ജയിന് ശ്വാസ തടസം നേരിടുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2003-ലാണ് കരീഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്യുന്നത്. നേരത്തെ നന്ദിത മഹ്താനിയുമായി വിവാഹിതനായിരുന്നെങ്കിലും പിന്നീട് വിവാഹ മോചനം നേടുകയായിരുന്നു. കരീഷ്മയുമായുള്ള വിവാഹജീവിതവും അധികകാലം നീണ്ടുനിന്നില്ല. 2016-ൽ ഇരുവരും 13 വർഷം നീണ്ട വൈവാഹിക ജീവിതം ഔദ്യോഗികമായി വേർപ്പെടുത്തി. ഇവർക്ക് സമൈറ, കിയാൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കരീഷ്മ കപൂറുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മുൻ മോഡൽ പ്രിയയെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകൻ ഇവർക്കുണ്ട്. പ്രിയയുടെ മുൻ വിവാഹത്തിൽനിന്നുള്ള മകൾ സഫീറ ചത്വാളിനേയും സഞ്ജയ് കപുർ ദത്തെടുത്തിരുന്നു.
2017-ൽ തന്റെ പേരിൽ രൂപവത്കരിച്ച ആർ.കെ. ഫാമിലി ട്രസ്റ്റിലെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് 80-കാരിയായ റാണി കപുറാണ് കോടതിയെ സമീപിച്ചത്. കരിഷ്മാ കപുറിന്റേയും സഞ്ജയ് കപുറിന്റേയും മക്കളായ കിയാനും സമൈറയും സഞ്ജയ് കപുറിന്റെ മൂന്നാം ഭാര്യ പ്രിയാ സച്ച്‌ദേവാ കപുറും തമ്മിലാണ് നിയമപോരാട്ടം. പൂർണമായും പ്രിയയ്ക്ക് അനുകൂലമാകുന്ന തരത്തിലായിരുന്നു സഞ്ജയിന്റെ വിൽപ്പത്രം. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരിഷ്മയുടേയും സഞ്ജയുടേയും മക്കൾ കോടതിയെ സമീപിച്ചത്.
പിന്നീട് സഞ്ജയ് കപുറിന്റെ അമ്മയും ഇവർക്കൊപ്പം കേസിൽ കക്ഷി ചേരുകയായിരുന്നു. തന്നെപോലും ഒഴിവാക്കി എല്ലാം പ്രിയയ്ക്ക് നൽകിക്കൊണ്ട് സഞ്ജയ് വിൽപ്പത്രം എഴുതാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ വാദം. 2015 ജൂണിൽ മരിച്ച സോന ഗ്രൂപ്പിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ സുരീന്ദർ കപുറിന്റെ ഭാര്യയായ താനാണ് സ്വത്തിന്റെ ഏക അവകാശിയെന്ന് റാണി ഹർജിയിൽ പറയുന്നു. 2016 ജനുവരിയിൽ സുരീന്ദറിന്റെ വിൽപത്രം സഞ്ജയ് കപുർ എതിർപ്പിലാതെ അംഗീകരിച്ചതാണെന്നും റാണി ഹർജിയിൽ അവകാശപ്പെടുന്നു. 2017 സെപ്റ്റംബറിൽ തനിക്ക് സ്‌ട്രോക്ക് വന്നു. അതിനുശേഷം മകനും ഭാര്യയുമായിരുന്നു തന്റെ ആശ്രയം. ഇത് തന്റെ സമ്മതമില്ലാതെ ആസ്തികൾ ആർകെ ഫാമിലി ട്രസ്റ്റിലേക്ക് വഴിതിരിച്ചുവിടാൻ ഉപയോഗിച്ചുവെന്നും റാണി ആരോപിക്കുന്നു.
മധ്യസ്ഥ ചർച്ചയ്ക്കായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ജെ.പി. പദിവാല അധ്യക്ഷനായ ബെഞ്ചാണ് ഡി.വൈ. ചന്ദ്ര ചൂഡിനെ മധ്യസ്ഥതാ നടപടികൾക്കായി നിയോഗിച്ചത്. തുടർന്ന് ഇരുകക്ഷികളുമായി ചർച്ചകൾ നടന്നുവരികയായിരുന്നു.
Content Highlights: Supreme Court is mediating the 30,000 crore property dispute involving Sanjay Kapur's estate., Rani Kapur and Karisma Kapur's children are challenging the validity of the will favoring Priya Sachdev Kapur., Former CJI D.Y. Chandrachud has been appointed as the mediator for the ongoing legal proceedings., The dispute stems from the sudden death of Sanjay Kapur in June 2025., Legal proceedings regarding asset control are also currently pending in the Delhi High Court.
Published: 06 Aug 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented