കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ, വിഷയവുമായി ബന്ധപ്പെട്ട് നേരത്തേ ഒന്നും അറിയില്ലായിരുന്നുവെന്നും ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട് ഒന്നും മറയ്ക്കാനില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയിൽ വെച്ച് ഒരു തവണ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടുള്ളൂവെന്നും പങ്കജ് ഭാണ്ഡാരിയെയും ഗോവർധനെയും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കണ്ടതെന്നും പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന് പിന്നാലെയാണ് പ്രശാന്തിന്റെ പ്രതികരണം. പ്രശാന്തും തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും അജികുമാറും അടക്കം കേസിൽ പ്രതികളെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

'2025-ൽ കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്ന് മാത്രമാണ് പറയുന്നത്, അല്ലാതെ സ്വർണം നഷ്ടപ്പെട്ടതായി പറഞ്ഞിട്ടില്ല. 2019-ലെ സംഭവവുമായി താരതമ്യപ്പെടുത്തുമ്പോൾ, കൃത്യമായ നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് 2025-ൽ സ്വർണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയിരിക്കുന്നത്. 2025 സെപ്തംബർ ഏഴാം തീയതിയാണ് തിരുവാഭരണം കമ്മീഷന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ എത്തുകയും ദ്വാരപാലക ശിൽപങ്ങൾ അഴിച്ചെടുക്കുകയും ചെയ്യുന്നത്.'

'ശിൽപത്തിന്റെ ആകെ തൂക്കവും സ്വർണത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതിന്റെയെല്ലാം വീഡിയോയും ചിത്രീകരിച്ചിരുന്നു. അപ്പോഴാണ് ഇക്കാര്യം സ്‌പെഷ്യൽ കമ്മീഷനെ, കോടതിയെ അറിയിക്കണം എന്ന ഉത്തരവ് ഉണ്ടായിരുന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് തന്നെ സ്‌പെഷ്യൽ കമ്മീഷനുമായി ഈ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. റിപ്പോർട്ട് അയച്ചാൽ മതി എന്നായിരുന്നു അവിടെനിന്നും കിട്ടിയ മറുപടി.'

'സ്വർണപ്പാളികൾ കൊണ്ടുപോകരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തുടർ പ്രവർത്തനങ്ങളിലേക്ക് കടക്കില്ലായിരുന്നു. അന്ന് ഉച്ചയോടെയാണ് ഇത് പത്തനംതിട്ടയിൽ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഒമ്പതാം തീയതി സാധനം ചെന്നൈയിലെത്തി, അവിടെ ബാക്കി പണികൾ ആരംഭിച്ചു. അന്നാണ് സ്‌പെഷ്യൽ കമ്മീഷൻ ഇതുസംബന്ധിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. 11-ാം തീയതി കോടതി ഇത് നിർത്തിവെക്കാൻ ഉത്തരവിട്ടു.'

'ശേഷം പരിശോധനയ്ക്കായി ദേവസ്വം ബോർഡ് എസിപിയെ ചുമതലപ്പെടുത്തി. നടപടിക്രമങ്ങളെല്ലാം കൃത്യമായാണ് നടന്നതെന്നും വിവരം കോടതിയെ അറിയിച്ചില്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളുവെന്നുമാണ് പറഞ്ഞത്. ഇതിന്, 14-ാം തീയതിയോടെ ബോർഡ് സെക്രട്ടറി കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞു. അതോടെ 2025-ലെ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം തീർന്നു.'

'സെപ്തംബർ 20-നാണ് അയ്യപ്പസംഗമം നടന്നത്, ആ മാസം 17-ാം തീയതിയോടെ കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ വന്നു, പിന്നാലെ അതുമായി ബന്ധപ്പെട്ട് ബാക്കി വിവാദങ്ങളും വന്നു. ദേവസ്വം എസ്പി ആവശ്യപ്പെട്ടത് പ്രകാരം 2019-ലെ ഫയലുകൾ അദ്ദേഹത്തിന് നൽകിയത് ഞങ്ങളാണ്. 2025 നവംബറിൽ ഈ ഫയലുകൾ കോടതിയിൽ എത്തിയതോടെയാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പുറത്തുവന്നത്.'

'ഒളിപ്പിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഫയലുകൾ കൊടുക്കാതിരിക്കാമായിരുന്നു. ദേവസ്വം ബോർഡിന്റെ കൂടി അവശ്യപ്രകാരമാണ് കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയടക്കം നിയോഗിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പറയുകയാണെങ്കിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെ ഞാൻ ഒറ്റ തവണയേ കണ്ടിട്ടുള്ളൂ. 2023 നവംബറിൽ ദേവസ്വം ബോർഡ് പ്രസിഡന്റായി ചാർജെടുത്ത് ശബരിമലയിൽ ചെല്ലുമ്പോൾ അവിടുത്തെ എക്‌സിക്യുട്ടീവ് ഓഫീൽ വെച്ചാണ് കണ്ടത്.'

'അവിടെ വെച്ച് എന്ത് ഗൂഢാലോചന നടത്താനാണ്. പങ്കജ് ഭണ്ഡാരിയെക്കുറിച്ച് അറിയുന്നത് തന്നെ മാധ്യമങ്ങളിൽ വാർത്ത വരുമ്പോഴാണ്. 2019-ൽ ഗൂഢാലോചന നടത്തി എന്നാണ് പറയുന്നത്, എന്നാൽ ആ സമയത്ത് ഞാൻ ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണ്.' പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

അതേസമയം, ഒന്നു മുതൽ ഏഴുവരെ പ്രതികൾക്ക് കേസിൽ കൃത്യമായ പങ്കാളിത്തമുണ്ട് എന്ന് ഉറപ്പാക്കിയ ശേഷമാണ് കോടതിക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത് എന്നാണ് എസ്‌ഐടി അറിയിക്കുന്നത്. അതിൽ ഒന്നാം പേരുകാരൻ കഴിഞ്ഞയിടെ മരിച്ചുപോയ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവാണ്. രണ്ടാമത് ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാമത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് പ്രൊപ്രൈറ്റർ പങ്കജ് ഭണ്ഡാരിയുമാണ്.

കുറ്റപത്രത്തിൽ നാലാമത്തെ പേരുകാരൻ 2025-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്ന പി.എസ്. പ്രശാന്ത് ആണ്. അഞ്ചാമത് ഭരണ സമിതിയിലെ മറ്റൊരംഗമായ അഡ്വ. അജിത്കുമാർ, ആറാമത് ശബരിമല മേൽശാന്തി തന്ത്രി കണ്ഠരര് രാജീവര്, ആറാമത് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണറായ റെജിലാൽ. ഇവരൊക്കെയാണ് പ്രതി പട്ടികയിലെ പ്രമുഖർ.

ഏഴുപേരുടെയും പങ്കാളിത്തം ഉറപ്പാക്കി ഇവർക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ അന്വേഷണം നടത്തിവന്ന ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ തുടർച്ചയായ നടപടികളാണ് ഇവർക്കെതിരെ ഉണ്ടാവുക.

2019-ലെ സ്വർണക്കൊള്ള മറയ്ക്കുന്നതിന് വേണ്ടിയാണ് 2025-ൽ ആ സ്വർണപ്പാളികൾ വീണ്ടും അഴിച്ചെടുത്ത് കൊണ്ടുപോയി സ്വർണം പൂശിയത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിൽനിന്നും സ്വർണം പൊതിഞ്ഞ വസ്തുക്കൾ കൊണ്ടുപോയി അത് ഉരുക്കി കിലോ കണക്കിന് സ്വർണം കൈവശപ്പെടുത്തി. പിന്നീട് അതേ വസ്തുക്കളിൽ സ്വർണം പൊതിയുന്നതിന് പകരം സ്വർണം പൂശി ക്ഷേത്രത്തിലേക്ക് തിരികെ എത്തിക്കുകയുമാണ് ഉണ്ടായത്.

എന്നാൽ ഒരു വർഷത്തിനുള്ളിൽ സ്വർണം പൂശിയ പാളികളിലെ ചെമ്പ് തെളിഞ്ഞുതുടങ്ങി. ഇത് തങ്ങൾ ചെയ്ത പ്രവർത്തി വെളിവാക്കും എന്ന് മനസിലാക്കിയ തട്ടിപ്പുസംഘം ഇത് മറയിക്കുന്നതിനായി വീണ്ടും സ്വർണപ്പാളികൾ അടർത്തിയെടുത്ത് കൊണ്ടുപോയി സ്വർണം പൂശുകയായിരുന്നു. 2023-ലാണ് ഇതിനുവേണ്ടിയുള്ള ഗൂഢാലോചന തുടങ്ങിയത് എന്നാണ് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.