പന്നിത്തടം (തൃശ്ശൂര്‍): എയ്യാലില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്നു നെക്ലസ്, വള, താലി, പാദസരം, തള എന്നിവയാണ് നഷ്ടപ്പെട്ടത്. കേച്ചേരി-അക്കിക്കാവ് ബൈപ്പാസിലെ എയ്യാല്‍ ചുങ്കം കവലയ്ക്ക് സമീപം ഒറുവില്‍ അംജത്തിന്റെ വീട്ടിലാണ് സംഭവം. 

To advertise here,

മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കള്ളൻ അകത്ത് കയറിയത്. കിടപ്പുമുറിയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അംജത്ത് കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ജോലിസ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുള്ള ഭാര്യയും മാതാവും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയത്. ശനിയാഴ്ച വൈകീട്ട് 5.30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

കുന്നംകുളം എ.സി.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിള്ള പോലീസ് സംഘം രണ്ട് സ്‌ക്വാഡുകളായി അന്വേഷണം ഊര്‍ജിതമാക്കി. എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ ജെ.എസ്. അശ്വനി, എസ്.ഐ. കെ.വി. ജോണി, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.