ചിറ്റൂർ: യുവാവിനെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ബന്ധു കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് പൊൽപ്പുള്ളി വടക്കംപാടം വേർകോലി സ്വദേശി പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ പൊൽപ്പുള്ളി കെവിഎംയുപി സ്‌കൂളിനു സമീപത്താണ് സംഭവം.

To advertise here,

വർഷങ്ങളായി ഭാര്യ രാജിയുമായി അകന്നുകഴിയുകയായിരുന്നു പ്രമോദ് കുമാർ. രാജി അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പൊൽപുള്ളി കെവിഎംയുപി സ്‌കൂളിൽ പഠിക്കുന്ന മകനെ സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് കൊണ്ടുവരാൻ രാജി ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. രാജിയോടൊപ്പമാണ് മകൻ താമസിക്കുന്നത്. ശരത് കുട്ടിയുമായി സ്‌കൂളിൽനിന്ന് മടങ്ങുന്ന സമയത്ത് സ്‌കൂളിൽ കെട്ടിടനിർമ്മാണജോലി ചെയ്യുകയായിരുന്ന പ്രമോദ് ഇതു ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ പ്രമോദ് ആഞ്ഞുകുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രക്തം വാർന്നുകിടന്ന ശരത്തിനെ പ്രമോദ് കുമാറും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഭാര്യയെ മർദിച്ച സംഭവത്തിൽ പ്രമോദിനെതിരെ ചിറ്റൂർ പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡായ പ്ലാപ്പുള്ളിയിൽ ബിജെപി സ്ഥാനാർഥിയിരുന്നു പ്രമോദ്. വെൽഡിങ് ജോലിക്കാരനാണ്. പൊൽപ്പുള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച ശരത്. ഭാര്യ: രാഗി. ഒന്നര വയസ്സുള്ള ഇഷാനി മകളാണ്.