ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ടലയിൽ നിന്ന് രണ്ട് ഭീകരരെയും അവരുടെ ഒരു സഹായിയെയും ജമ്മു കശ്മീർ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടികൂടി. ഇതാദ്യമായാണ് ജമ്മു കശ്മീർ പോലീസ് മറ്റൊരു സംസ്ഥാനത്തെ പോലീസ് സേനയുമായി ചേർന്ന് ഇത്തരമൊരു തിരച്ചിൽ നടത്തുന്നത്. തങ്ങളുടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഭീകരവാദ കേസുകളുടെ അന്വേഷണം കൂടുതൽ ഊർജിതമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ജമ്മു കശ്മീർ പോലീസിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

To advertise here,

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ജമ്മു കശ്മീരിൽ മുൻപ് രജിസ്റ്റർ ചെയ്ത ഒരു തീവ്രവാദ കേസിലെ പ്രതികളുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ, ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് തങ്ങൾ പഞ്ചാബിൽ തുടരുന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

ഈ അറസ്റ്റിലൂടെ വലിയൊരു ഭീകരാക്രമണ ശ്രമമാണ് പോലീസ് തകർത്തിരിക്കുന്നത്. ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്നും ഇതിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ, ഏതൊക്കെ ബാഹ്യശക്തികളുടെ ഇടപെടൽ ഈ ഭീകരപ്രവർത്തനത്തിന് പിന്നിലുണ്ടെന്ന കാര്യവും ജമ്മു കശ്മീർ പോലീസ് അതീവ ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്.