പുണെ: മുംബൈയിൽ യുവാവ് 22-കാരനെ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തടയാനെത്തിയ യുവതിയേയും ഇരുമ്പുവടികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിനുശേഷം കാറിൽക്കയറി രക്ഷപ്പെട്ട പ്രതിയെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞ് അറസ്റ്റുചെയ്തു. പുണെയിലെ ഹിഞ്ചെവാടിയിലെ പേയിങ് ഗസ്റ്റ് (പി.ജി.) ഹോസ്റ്റലിലാണ് സംഭവം. ത്രികോണ പ്രണയമാണ് ദാരുണമായ ദുരന്തത്തിൽ കലാശിച്ചത്.

To advertise here,

ഓഗസ്റ്റ് അഞ്ചിന് രാത്രി 11 മണിയോടെയാണ് ഇരുപത്തൊന്നുകാരിയായ യുവതി ഏതാനും ആഴ്ചത്തെ താമസത്തിനായി പി.ജി. ഹോസ്റ്റലിലെത്തിയത്. ഹോസ്റ്റലിലെ പുതിയ മാനേജറായ സാഗർ സഹദേവ് ഗെയ്ക്വാദിനെ (22) തന്റെ കാമുകനെന്നു പരിചയപ്പെടുത്തിയാണ് യുവതി മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് മൂന്നരയോടെ സോളാപുർ പന്തർപുർ സ്വദേശിയായ ദിനേഷ് മഹാദേവ് സാംബ്രെ (23) ഹോസ്റ്റലിലെത്തി. ഗയ്ക്വാദിനേയും യുവതിയേയും കാണാനെന്ന് റിസപ്ഷനിൽ അറിയിച്ച് നാലാംനിലയിലേക്ക് കയറി. അവിടെ റൂം പരിശോധനയിലായിരുന്ന ഗെയ്ക്‌വാദുമായി സാംബ്രെ തർക്കത്തിലേർപ്പെട്ടു.

തർക്കം രൂക്ഷമായതോടെ സാംബ്രെ കൈയിൽ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ഗെയ്ക്വാദിന്റെ തലയ്ക്കടിച്ചു. തടയാനെത്തിയ യുവതിക്കും തലയ്ക്കടിയേറ്റു. ബഹളംകേട്ട് ഓടിയെത്തിയവർ രക്തത്തിൽ കുളിച്ച ഗെയ്ക്വാദിനെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കെട്ടിടത്തിലെ സി.സി.ടി.വി.യിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ പുണെ റൂറൽ പൊലീസിന് പിംപ്രി-ചിഞ്ച്വാഡ് പൊലീസ് ജാഗ്രതാ നിർദേശം നൽകി. പ്രതി സോളാപുരിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പുണെ-സോളാപുർ ഹൈവേയിലെ ഉരുളി കാഞ്ചൻ പൊലീസ് സ്റ്റേഷനു സമീപം ബാരിക്കേഡുകൾവെച്ച് ഉപരോധമേർപ്പെടുത്തി. ഈ വഴി വന്ന വാഹനം തടഞ്ഞുനിർത്തിയാണ് സാംബ്രെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി ഹിഞ്ചെവാടി പൊലീസിന് കൈമാറി.

സാംബ്രെയും യുവതിയും സ്‌കൂൾ കാലഘട്ടംമുതൽ പ്രണയത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. പിന്നീട് രണ്ടുപേരും ബി.സി.എ. പഠനത്തിനായി പുണെയിലെത്തി. ഇവിടെവെച്ച് യുവതി ഗെയ്ക്വാദുമായി പ്രണയത്തിലാവുകയായിരുന്നു. ഇതറിഞ്ഞാണ് സാംബ്രെ ഹോസ്റ്റലിലെത്തിയത്.