തിരുവനന്തപുരം: പി.എസ്.സി.യുടെ വ്യാജക്കത്ത് തയ്യാറാക്കി പണം തട്ടിയ കേസില്‍ പ്രധാന പ്രതി കീഴടങ്ങി. അടൂര്‍ സ്വദേശി രാജലക്ഷ്മിയാണ് തിങ്കളാഴ്ച വൈകീട്ട് കഴക്കൂട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്സി ജോര്‍ജിനെ കോട്ടയത്തുനിന്നു പിടികൂടുകയും ചെയ്തു.

To advertise here,

കേസിലെ രണ്ടാം പ്രതി രശ്മി കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. രാജലക്ഷ്മിയാണ് പണം മുഴുവന്‍ തട്ടിച്ചതെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. ഇതിനൊപ്പം രാജലക്ഷ്മിയുടെ സഹായിയായ ജോയ്സിയുടെ ചിത്രവും പോലീസിനു കൈമാറി. ഈ ചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ജോയ്സി കോട്ടയത്ത് പിടിയിലായതെന്നാണ് സൂചന.

പി.എസ്.സി. ഉദ്യോഗസ്ഥയെന്ന വ്യാജേന ഓണ്‍ലൈന്‍ അഭിമുഖം നടത്തിയത് കോട്ടയം സ്വദേശി ജോയ്‌സിയാണ്. ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുക്കാനായിരുന്നു വാട്സാപ്പ് കോള്‍ വഴിയുള്ള അഭിമുഖം. രാജലക്ഷ്മി അടൂരില്‍ താമസിച്ചിരുന്നപ്പോള്‍ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. തുടര്‍ന്ന് ഇവരെയും തട്ടിപ്പില്‍ കൂട്ടാളിയാക്കുകയായിരുന്നു. കോട്ടയത്ത് പിടിയിലായ ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കും.

ഒരു വര്‍ഷം മുമ്പുതന്നെ ഇവര്‍ തട്ടിപ്പ് തുടങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2022 ജനുവരി ഒന്നു മുതല്‍ ഇവര്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങിയിരുന്നു.

80 ലക്ഷത്തിലധികം രൂപ രാജലക്ഷ്മിയും രശ്മിയും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. തട്ടിയെടുത്ത പണം ഇവര്‍ ബാങ്കില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്്. നേരിട്ട് കൂടുതല്‍ പണം വാങ്ങിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്്.

ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ മറ്റു മാര്‍ഗമില്ലാതെയാണ് പ്രതികള്‍ കീഴടങ്ങിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.