ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി സഹ ഉടമയായ ബെംഗളൂരുവിലെ പബ്ബിനെതിരേ പോലീസ് കേസ്. നഗരത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് മഹാത്മാഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ 8 കമ്യൂണിനെതിരേയാണ് രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവര്‍ത്തിച്ചതിന് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവില്‍ പബ്ബുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. അതിനുശേഷവും പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

To advertise here,

ശനിയാഴ്ച പട്രോളിങ്ങിനിടെ രാത്രി 1.20-ന് പബ്ബ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പബ്ബിന്റെ മാനേജരുടെ പേരിലാണ് പോലീസ് കേസെടുത്തത്. മഹാത്മാഗാന്ധി റോഡിലെ മറ്റു മൂന്നു പബ്ബുകളും സമാനമായരീതിയില്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്തുവെന്ന് പോലീസ് പറഞ്ഞു.

വിരാട് കോലിയുടെ സഹ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്യൂണ്‍ ബെംഗളൂരുവിനു പുറമേ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവില്‍ ആരംഭിച്ചത്.