പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് ജീവനക്കാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് വീണ്ടും കാപ്പാ ചുമത്തും. ഇതിനുള്ള നടപടി ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.

To advertise here,

11 കാപ്പക്കേസുകളിൽ പ്രതിയായ കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടറെയാണ് (മരണം സുബിൻ-29) ബലാത്സംഗക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പം ബെർലിൻദാസ് (38) എന്നയാളും അറസ്റ്റിലായിരുന്നു.

വലിയ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സുബിൻ എന്നതിനാലാണ് വീണ്ടും കാപ്പ ചുമത്താൻ തീരുമാനിച്ചത്. ജയിലിൽനിന്നിറങ്ങിയാൽ സമൂഹത്തിന് ശല്യമാണെന്ന കാര്യങ്ങൾ കാണിച്ച് ജില്ലാ കളക്ടർക്ക് പോലീസ് റിപ്പോർട്ട് ഉടൻ നൽകും. പീഡനത്തിന് ഇരയായ സ്പാ ജീവനക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ഇവരുടെ മെഡിക്കൽ പരിശോധനകൾ നടത്തി.

ഫെബ്രുവരി ഒന്നിന് പകൽ മൂന്നരയോടെയാണ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ആറുപേർ സ്പായിലെത്തിയത്. പണം ഇല്ലെന്ന് പറഞ്ഞ വനിതാ ജീവനക്കാരിലൊരാളെയാണ് പീഡിപ്പിച്ചതെന്ന പരാതി ഉണ്ടായത്. ജീവനക്കാരികളുടെ മൊഴികളെടുത്തുതുടങ്ങിയ അന്വേഷണത്തിലാണ് രണ്ടുപേർ അറസ്റ്റിലായത്. നാലുപേർകൂടി പിടിയിലാവാനുണ്ട്. അവരെ ഉടൻ പിടിക്കുമെന്ന് എസ്.പി. പറഞ്ഞു. നിലവിൽ ഇരയ്ക്കുണ്ടായ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങളും വിശദമായി അന്വേഷിക്കും. ഇതോടൊപ്പം ജില്ലയിലെ മറ്റ് സ്പാകളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കും.

പോലീസ് മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞാൽ കർശന നടപടി

സ്പായിൽനിന്ന് ചില പോലീസുകാർ മാസപ്പടി വാങ്ങുന്നുവെന്ന ആരോപണം തെളിഞ്ഞാൽ കർശന നടപടി ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മുമ്പ് തിരുവല്ല സ്റ്റേഷനിലെ ഒരു എ.എസ്.ഐ.യെ ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

പ്രത്യേക പരാതി നൽകുമെന്ന് പറഞ്ഞ ഉടമ മൊഴി നൽകി മടങ്ങി

തിരുവല്ല: സംഭവത്തിൽ പ്രത്യേക പരാതി നൽകുമെന്ന് പറഞ്ഞ സ്പായുടെ ഉടമ പിന്നീട് പോലീസിൽ മൊഴിമാത്രം നൽകി മടങ്ങി. തൃശ്ശൂർ സ്വദേശിയാണ് ഉടമ. പണം ആവശ്യപ്പെട്ടതും ജീവനക്കാരിയെ പീഡിപ്പിച്ചതും തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷൻ പ്രകാരമാണെന്ന് ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് ഇദ്ദേഹം ഫോണിൽ പ്രതികരിച്ചിരുന്നു. ജീവനക്കാരിയുടെ പരാതിക്കുപുറമേ താൻ പ്രത്യേക പരാതി നൽകുമെന്നും ഇതിനായി സ്റ്റേഷനിലേക്ക് വരികയാണെന്നുമാണ് ആദ്യം പ്രതികരിച്ചത്. എന്നാൽ 11 മണിയോടെ സ്‌റ്റേഷനിലെത്തിയ ഉടമ പരാതി നൽകിയില്ലെന്ന് ഡിവൈ.എസ്.പി. ടി.ആർ. ജിജു പറഞ്ഞു. ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം സംബന്ധിച്ച് മൊഴി മാത്രം നൽകി.