പാലക്കാട്: ആൾക്കൂട്ടമർദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ (31) കൊല്ലപ്പെട്ട കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. കേസ് നിലവിൽ വാളയാർ പോലീസാണ് അന്വേഷിക്കുന്നതെങ്കിലും ഉത്തരവിറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂർണതോതിൽ അന്വേഷണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമികാന്വേഷണം നടത്തി.

To advertise here,

വാളയാർ അട്ടപ്പള്ളത്ത് ബുധനാഴ്ചയാണ് രാംനാരായൺ കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ. ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവർ റിമാൻഡിലാണ്.

രാം നാരായണിനെ മർദിക്കുന്ന വീഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും തിരിച്ചറിയാൻ കഴിഞ്ഞ അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടേതുൾപ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങൾ വെച്ച് കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. 15 പേരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

ഇവിടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ ഫോണുകൾ പിടിച്ചെടുക്കുന്നതിനു മുൻപുതന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നതായാണു വിവരം. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെയടക്കം ചോദ്യം ചെയ്യും. ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചവർക്കെതിരേയും കേസെടുത്തേക്കും.

രാം നാരായണിന്റെ ഭാര്യയും മക്കളും ശനിയാഴ്ച എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എത്തിയിട്ടില്ല. ഇവർ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം. നിലവിൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അതിനുശേഷമായിരിക്കും തീരുമാനം.