പാലക്കാട്: ദേശീയപാത കേന്ദ്രീകരിച്ച് വൻ കവർച്ചയ്ക്ക് പദ്ധതിയിട്ട എട്ടംഗസംഘത്തെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. രണ്ട് കാറുകളിലായാണ് സംഘമെത്തിയത്. പാലക്കാട് മെഡിക്കൽ കോളേജിന് മുൻപിൽനിന്ന് നാലുപേരെ പിടികൂടി പതിനഞ്ച് മിനിറ്റിനകം അടുത്ത നാലുപേരെ ഇരട്ടയാലിൽ പിടികൂടുകയായിരുന്നു. ആലപ്പുഴ മുതുകുളം സ്വദേശി രഞ്ജിത് (31), ആലപ്പുഴ ബംഗ്‌ളപറമ്പ് സ്വദേശി അൻഷാദ് (36), പാലക്കാട് കൊട്ടേക്കാട് സ്വദേശി ദീക്ഷിത് (23), പാലക്കാട് മണ്ണൂർ സ്വദേശി അനീഷ്‌കുമാർ (32), എറണാകുളം കലൂർ സ്വദേശി മാഹിൻ (40), എറണാകുളം എളമക്കര സ്വദേശി അഖിൽ ബാബു (32), എറണാകുളം കുന്നത്തുനാട് സ്വദേശി സഞ്ജയ് (25), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബിജു (42) എന്നിവരാണ് പിടിയിലായത്.

To advertise here,

22-ന് പുലർച്ചെ മൂന്നുമണിയോടെ മെഡിക്കൽ കോളേജിന് സമീപത്ത് ഹൈവേ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് സംശയാസ്പദമായ രീതിയിൽ കാർ റോഡരികിൽ കിടക്കുന്നത് കണ്ടത്. വാഹനത്തിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പോലീസ് കാർ വിശദമായി പരിശോധിച്ചു. വാഹനത്തിനുള്ളിൽനിന്ന് അഴിച്ചുമാറ്റിയ നിലയിൽ ഒന്നിലധികം നമ്പർപ്ലേറ്റുകൾ കണ്ടെടുത്തു. ഇതോടൊപ്പം മുഖാവരണങ്ങളും ഗ്ലൗസുകളും വലിയ സ്പാനറുകളും ജാക്കിയും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തു.

കാറിലുണ്ടായിരുന്ന മാഹിൻ, സഞ്ജയ്, ബിജു, അഖിൽ എന്നിവരെ പോലീസ് പിടികൂടി ചോദ്യംചെയ്തു. പുലർച്ചെ കവർച്ച നടത്താനാണ് പദ്ധതിയിട്ടതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പിടിയിലായവരുടെ ഫോൺരേഖകളും സന്ദേശങ്ങളും പരിശോധിച്ചപ്പോഴാണ് കവർച്ചസംഘത്തിൽ മറ്റാളുകളുമുണ്ടെന്ന് മനസ്സിലായത്. തുടർന്ന്, ഹൈവേയിൽ വീണ്ടും നടത്തിയ പരിശോധനയിൽ സമാനമായ ഉപകരണങ്ങളുമായി മറ്റൊരു കാറും നാലുപേരെയും പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.