
ന്യൂഡൽഹി: നിക്കി ഭാട്ടി കേസിൽ നിർണായക വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തനിക്ക് പൊള്ളലേറ്റതെന്ന് യുവതി ഡോക്ടർമാരോട് പറഞ്ഞതായി നോയിഡ പോലീസ് അവകാശപ്പെട്ടു. ഇത് ആശുപത്രി മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.
സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്ന നിക്കിയുടെ സഹോദരി കാഞ്ചൻ്റെ ആരോപണം തള്ളുന്നതാണ് ഈ മൊഴി. ഒന്നിലധികം വീഡിയോകളും പരസ്പരവിരുദ്ധമായ മൊഴികളും പുറത്തുവന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
സംഭവസമയത്ത് ഭർത്താവ് പുറത്തുനിൽക്കുന്നതിന്റെ വീടിനടുത്തുള്ള ഒരു കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിപിൻ്റെ ജ്യേഷ്ഠൻ്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചൻ, വിപിനാണ് തന്നെ തീകൊളുത്തിയതെന്ന് നിക്കി ആരോപിച്ചതായി ഉറപ്പിച്ചു പറയുന്നു. കാഞ്ചൻ റെക്കോർഡ് ചെയ്തതായി കരുതുന്ന വീഡിയോയിൽ, "നീ എന്താണ് ഈ ചെയ്തത്?" എന്ന് ചോദിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദം കേൾക്കാം. ഈ ശബ്ദം കാഞ്ചൻ്റേതാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, ഒരു വഴക്കിനിടെ നിക്കിയുടെ ഭർതൃമാതാവ് അവളെയും വിപിനെയും പിടിച്ചുമാറ്റുന്നതും നിക്കിക്ക് നേരെ കൈ ഉയർത്തിയപ്പോൾ മകനെ തല്ലുന്നതും കാണാം. ഈ ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറയുന്നു.
മറ്റൊരു വീഡിയോ വിപിൻ്റെ അച്ഛൻ നിക്കിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിന്റെയാണ്. നിക്കിയുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകുന്നതിന് മുമ്പ്, മരണത്തിന് പിറ്റേന്ന് പുലർച്ചെ തന്നെ സംസ്കാരം നടന്നുവെന്നാണ് വിവരം.
സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കുടുംബത്തിൻ്റെ വീടിനുള്ളിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വീണ്ടെടുക്കണമെന്ന് നിക്കിയുടെ ബന്ധു സണ്ണി പയ്‌ല പോലീസിനോട് ആവശ്യപ്പെട്ടു. വിപിൻ്റെ കുടുംബം സൗകര്യപൂർവ്വം പ്രചരിപ്പിച്ചത് അവരുടെ വീടിന് എതിർവശത്തുള്ള കടയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും അന്ന് വീടിനുള്ളിൽ എന്ത് സംഭവിച്ചുവെന്ന് അതിൽ കാണിക്കുന്നില്ലെന്നും പയ്‌ലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ മൊഴികളും സൂക്ഷ്മമായി പരിശോധിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിന് കാഞ്ചനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വിപിനെയും മാതാപിതാക്കളായ ദയ, സത്വീർ, ജ്യേഷ്ഠൻ രോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights: Conflicting reports emerge in Nikki Yadav death case. Police claim she told doctors about cylinder b
Published: 28 Aug 2025, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented