പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്.
പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കൊണ്ടാണ് കോടതി പരമാവധി ശിക്ഷ തന്നെ വിധിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു. അതേസമയം, കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കേസ് അപൂർവങ്ങളിൽ അപൂർവമെന്നും കോടതി പറഞ്ഞു.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചെന്താമരയ്ക്ക് മാനസികപ്രശ്‌നങ്ങളൊന്നുമില്ല. ചെയ്ത കുറ്റം ചെന്താമര ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കോടതിയെ അടക്കം ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷമുള്ള ചെന്താമരയുടെ പ്രതികരണമുണ്ടായത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
പിന്നീടാണ് തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും എന്നൊക്കെയുള്ള തരത്തിൽ ഭീഷണി തുടങ്ങിയത്. 'ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നത് എഴുതിക്കോ' എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയിൽ പറഞ്ഞു.
16-ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷയിൽ ഇളവുതേടിയുള്ള പ്രതിഭാഗം അഭിഭാഷകന്റെയും ശേഷം പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദംകേട്ടു. ചെയ്ത തെറ്റിൽ ഒട്ടും കുറ്റബോധമില്ലാത്ത ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറിന്റെ വാദം. ചെന്താമരയ്ക്ക് മാനസാന്തരമുണ്ടെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും ചെന്താമരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജേക്കബ് മാത്യു ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിക്ക് അശേഷം മാനസാന്തരമില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കോടതി വിധിച്ചത്.
ചെന്താമരയ്ക്ക് മാനസാന്തരം വരാനുള്ള സാധ്യതയുണ്ട് എന്നും ഇയാൾ ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം സുധാകരന്റെ മക്കൾക്ക് നൽകാമെന്നും അവർ വാദിച്ചു. ചെന്താമര ജീവനോടെയിരിക്കുന്നത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളുടെ ജീവന് ഭീഷണിയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
2019 ഓഗസ്റ്റ് 31-ന് ബോയൻ ഉന്നതിയിൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചതിനെത്തുടർന്ന് ചെന്താമര ഇപ്പോൾ ജയിലിലാണ്. ഈ കേസ് നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മറ്റുരണ്ടുപേരെക്കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഒന്നരവർഷം കഴിഞ്ഞാണ് രണ്ടാമത്തെ കേസിൽ ശിക്ഷവിധിച്ചത്.
Content Highlights: Accused Chentamara sentenced to double life imprisonment for the murder of Sudhakaran and Lakshmi. The 2025 incident occurred in Thiruthampadam, Nenmara. Court declared the case as 'rarest of rare' due to the nature of the crime. Accused showed no remorse and issued threats during court proceedings. Chentamara was already serving a sentence for a 2019 murder case.
Published: 20 Jul 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented