ഉദുമ: ചോദ്യക്കടലാസ് ചോർന്നതിനെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്റെ സഹോദരനും ജീവനൊടുക്കി.

To advertise here,

പള്ളിക്കര പച്ചക്കാട് കിഴക്കേക്കര പോക്കണംമൂല കാദംബരിയിൽ അർജുൻ ആർ.മഹേഷി (24)നെയാണ് മംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ ജൂൺ മൂന്നിനാണ് ഐജ ജീവനൊടുക്കിയത്. അന്ന് വിദേശത്തായിരുന്ന അർജുൻ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്നു. സഹോദരിയുടെ മരണാനന്തരച്ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോയതാണ്.

ദുബായിൽ ‘നിസാൻ’ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായ അർജുൻ ജോലി സ്ഥലത്തെത്തിയിട്ടും വിഷമാവസ്ഥയിലായിരുന്നു. അതിനെത്തുടർന്നാണ് പെട്ടെന്ന് വീട്ടുകാരെ അറിയിക്കാതെ ഞായറാഴ്ച മംഗളൂരുവിലേക്ക് വിമാനം കയറിയത്. അർജുൻ നാട്ടിലേക്ക് മടങ്ങിയ വിവരം വിദേശത്തുള്ള സുഹൃത്തുക്കളാണ് വീട്ടുകാരെ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വിമാനമിറങ്ങിയെങ്കിലും ബന്ധുക്കൾക്ക് യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് തിങ്കളാഴ്ച ജീവെനൊടുക്കിയ നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ അർജുൻ വൈകിട്ടാണ് ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ ബജ്പെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽനിന്ന് ‘അമ്മ അയാം സോറി... എന്റെ സുഹൃത്തുക്കളെ അറിയിക്കണേ...’ എന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമ്മയുടെ പേരുകൂടി ചേർത്ത് അർജുൻ രാധികയെന്നാണ് ലോഡ്ജിൽ വിലാസം നൽകിയിരുന്നത്. ബജ്പെ പോലീസ് കേസെടുത്തു. മൃതദേഹം വെൻലോക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തദ്ദേശസ്വയംഭരണവകുപ്പിൽനിന്ന്‌ വിരമിച്ച ചെറുവത്തൂർ കടാങ്കോട്ടെ മഹേഷിന്റെയും പള്ളിക്കര ചേറ്റുകുണ്ടിൽ തുന്നൽപരിശീലന കേന്ദ്രം നടത്തുന്ന രാധികയുടെയും മക്കളാണ് അർജുനും ഐജയും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)