കൊച്ചി: രാജ്യത്ത് ഏതെങ്കിലുമൊരിടത്ത് കുറ്റകൃത്യം നടത്തി മറുനാട്ടിലേക്ക് മുങ്ങുന്നവരെ കുടുക്കാന്‍ നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (നഫിസ്) വിപുലമാക്കി കേന്ദ്രം.
രാജ്യത്തെവിടെയെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട 93 ലക്ഷം ആളുകളുടെ വിവരങ്ങളാണ് 'നഫിസ്' എന്ന കേന്ദ്രീകൃതസംവിധാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ക്ക് ഏത് സമയത്തും ലഭ്യമാണ്.
കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന കണ്ണികള്‍ വ്യാപകമായതോടെയാണ് ഓരോയിടത്തേയും കുറ്റവാളികളുടെ വിരലടയാളമുള്‍പ്പെടെയുള്ള വിവരങ്ങള്‍ 'നഫിസ്' സംവിധാനത്തിലേക്ക് കൊണ്ടുവന്നത്. ഈ കേന്ദ്രീകൃത ഫിംഗര്‍പ്രിന്റ് ഡേറ്റാബേസിന്റെ സഹായത്തോടെ പ്രതികളെ വിരലടയാളം വഴി എളുപ്പം കണ്ടെത്താനാകും.
ആലുവ പെണ്‍കുട്ടിയുടെ കൊലപാതകക്കേസിലെ പ്രതി ഉത്തര്‍പ്രദേശില്‍ മറ്റൊരു പോക്‌സോക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണെന്നവിവരം കണ്ടെത്തിയത് നഫിസിലൂടെയായിരുന്നു. കഴിഞ്ഞവര്‍ഷം മധ്യകേരളത്തില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ഇവര്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കേസുകളില്‍ പങ്കാളികളായിരുന്നതായി കണ്ടെത്തിയത്.
കുറ്റവാളികളെക്കുറിച്ച് ഓരോ സംസ്ഥാനത്തും കൈവശമുള്ള വിവരങ്ങള്‍ നേരത്തെ അതതിടത്ത് മാത്രമായിരുന്നു ഏറിയപങ്കും ഉപയോഗിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിരലടയാളം കിട്ടാനും താമസമുണ്ടായിരുന്നു. നഫിസില്‍ ഓരോ കുറ്റവാളിക്കും തനതായ 10 അക്ക ദേശീയ ഫിംഗര്‍പ്രിന്റ് നമ്പര്‍ നല്‍കും. ഈ 10 അക്ക ഐ.ഡി. ആ കുറ്റവാളിയുടെ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കും.
വ്യത്യസ്ത എഫ്.ഐ. ആറുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്ത വ്യത്യസ്ത കുറ്റകൃത്യങ്ങള്‍ ഒരേ ദേശീയ വിരലടയാളനമ്പറുമായി ബന്ധിപ്പിക്കും. വിരലടയാളം, പാംപ്രിന്റ് ഡേറ്റാബേസ്, എന്നിവയിലൂടെയാണ് കുറ്റവാളികളെ തിരിച്ചറിയുക. എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്ക് സ്റ്റേഷനുകളുമുണ്ട്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ, ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോ എന്നിവയാണ് ദേശീയതലത്തില്‍ നഫിസ് നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും. ഡേറ്റാബേസില്‍നിന്ന് തത്സമയം വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും കഴിയും.
Content Highlights: national automated fingerprint identification system nafis
Published: 16 Mar 2024, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented