
മുംബൈ: നാഗ്പുരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിലിങിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും നിർബന്ധിത മതം മാറ്റത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), കൂട്ടുപ്രതിയായ അമീൻ ഷെയ്ഖ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ, നിർബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
24 വയസ്സുകാരിയായ പരാതിക്കാരി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. 2025 ഫെബ്രുവരിയിൽ ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയ്യാസ് യുവതിയെ ബന്ധപ്പെടുകയും വാർധ റോഡിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. അവിടെ വെച്ച് ലഹരി കലർന്ന ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാൻ പ്രതികൾ സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മെയ് മാസത്തിൽ നാഗ്പുരിലെ കാൽമേശ്വറിലുള്ള ഒരു വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകൾ നടത്തി യുവതിയുടെ മതം മാറ്റം പൂർത്തിയായതായി പ്രതികൾ അവകാശപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. "എന്നെ വിടൂ" എന്ന് കരഞ്ഞു പറയുന്ന യുവതിയുടെ കൈകളിൽ അയ്യാസ് ബലമായി പിടിച്ചു നിൽക്കുന്നതും മന്ത്രങ്ങൾ ചൊല്ലി യുവതിയുടെ മേൽ ആവർത്തിച്ച് ഊതുന്നതും വീഡിയോയിൽ കാണാം. മതം മാറ്റിയതിന് പിന്നാലെ യുവതിയെ അയ്യാസ് വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.
വിവാഹിതയായതിനാൽ ഭയപ്പെട്ടാണ് യുവതി ഇത്രകാലം ഈ പീഡനങ്ങൾ പുറത്തുപറയാതിരുന്നത്. എന്നാൽ മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവിനോട് യുവതി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും തുടർന്ന് ജൂൺ 13-ന് സോനെഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പോലീസ് മുഖ്യ തെളിവായി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Content Highlights: Nagpur police investigate a case involving an IAF officer's wife, alleging rape, blackmail, and forced religious conversion.
Published: 16 Jun 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented