മുംബെെ: ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചത് സുഹൃത്തിനെ കുടുക്കാനെന്ന് പ്രതി അശ്വിനി കുമാർ. ബിഹാര്‍ സ്വദേശിയായ അശ്വിനി കുമാർ ജ്യോത്സ്യനായിരുന്നുവെന്നും അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഷ്‌കറെ ജിഹാദി എന്ന് അവകാശപ്പെടുന്ന സംഘടനയിലെ 14 പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും സന്ദേശത്തിൽ ഇയാൾ പറഞ്ഞു.
ഫിറോസ് എന്ന പേരിലാണ് അശ്വിനി കുമാര്‍ മുംബൈ ട്രാഫിക് പോലീസിന് ബോംബ് ഭീഷണിസന്ദേശങ്ങള്‍ അയച്ചത്. ഫിറോസ് എന്ന പേരില്‍ അശ്വിനി കുമാറിന് ഒരു സുഹൃത്തുണ്ട്. എന്നാല്‍, മാസങ്ങൾക്കു മുമ്പ് പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫിറോസ് പട്നയിലുള്ള ഫുല്‍വാരി പോലീസ് സ്റ്റേഷനില്‍ അശ്വിനി കുമാറിനെതിരേ പരാതി നല്‍കി. തുടര്‍ന്ന് അശ്വിനി കുമാര്‍ മൂന്നുമാസം ജയിലില്‍ കഴിഞ്ഞു. ഇതില്‍ പ്രകോപിതനായി, ഫിറോസിനോടുള്ള പകതീര്‍ക്കാനാണ് അദ്ദേഹത്തിന്റെ പേരില്‍ മുംബൈയിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയില്‍നിന്ന് ഏഴ് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ഒരു എക്‌സ്റ്റേണല്‍ സിം കാര്‍ഡ് സ്ലോട്ട് എന്നിവ പോലീസ് പിടിച്ചെടുത്തു. ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകള്‍, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകള്‍, നാല് സിം കാര്‍ഡ് ഹോള്‍ഡറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
മുംബൈയിലെ ഗണേശ ചുതുര്‍ഥി ആഘോഷങ്ങള്‍ക്ക് ഒരു ദിവസം മുമ്പ് ഭീഷണി വന്നതിനാല്‍ പോലിസും പൊതുജനങ്ങളും ആശങ്കയിലായിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് നഗരത്തിൽ അതീവജാഗ്രത പുലർത്തി. വെള്ളിയാഴ്ച സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: bomb threat messages to Mumbai police; ashwini kumar wanted to frame his friend firoz
Published: 06 Sept 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented