മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പുകേസിൽ ഒരാളെക്കൂടി മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കാസർകോട് എടനാട് സ്വദേശി കെ.എം. അബ്ദുൾ കലാമിനെ(47)യാണ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.വി. മണികണ്ഠൻ അറസ്റ്റുചെയ്തത്. 13-ാം പ്രതിയാണ് അബ്ദുൾകലാം .

To advertise here,

മോറിസ് കോയിനുവേണ്ടി 90 കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്ത് ഒന്നാംപ്രതി നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ എന്ന പേരിലുള്ള ക്രിപ്‌റ്റോ കറൻസി നിക്ഷേപപദ്ധതി തട്ടിപ്പു നടന്നത്.

2021-ൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.

പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ വിവിധ ജില്ലകളിലെ ഒട്ടേറെപ്പേരുടെ പണം നഷ്ടപ്പെട്ടു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരേ കേസുകളുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളുടെ അക്കൗണ്ട് മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.