കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇമ്മാനുവലിനെതിരേ കൂടുതല്‍ പരാതികള്‍. പ്രഭാത സവാരിക്കിടെ പ്രതിയുടെ അതിക്രമം നേരിട്ടവരാണ് പരാതികളുമായി പോലീസിനെ സമീപിക്കുന്നത്. നിലവില്‍ ഇയാള്‍ക്കെതിരേ അഞ്ച് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലെണ്ണം എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലും ഒരെണ്ണം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലുമാണ്.
അതിനിടെ, കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ പ്രഭാത സവാരിക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തി. കലൂര്‍ സ്വദേശിനിയാണ് മാര്‍ച്ച് 27-ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്.
'മാര്‍ച്ച് 27-ന് പുലര്‍ച്ചെ 4.30-നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോയത്. ആ സമയത്ത് അവിടെ ആളുകള്‍ കുറവായിരുന്നു. ഇരുട്ടും ആയിരുന്നു. ഞാനും മറ്റൊരാളും മാത്രമാണ് നടക്കാനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇരുചക്ര വാഹനത്തില്‍ പിന്നില്‍നിന്ന് എത്തിയ ആള്‍ എന്റെ ശരീരത്തില്‍ കയറിപിടിച്ചത്. പിന്നാലെ ഇയാള്‍ വണ്ടിയോടിച്ച് പോയി. ഞാന്‍ ബഹളംവെച്ചു. പക്ഷേ, അല്പംമാറി വണ്ടി നിര്‍ത്തിയ ഇയാള്‍ ഇനിയും ബഹളംവെച്ചോ ആരും കേള്‍ക്കാനില്ലെന്ന ഭാവത്തില്‍ ചില ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. പിന്നാലെ അയാള്‍ വണ്ടി തിരിച്ച് വീണ്ടും എന്റെ അടുത്തേക്ക് വരാന്‍ ശ്രമിച്ചു. ഈ സമയം മറ്റൊരു ബൈക്ക് അതുവഴി വരുന്നത് കണ്ടാണ് അക്രമി പിന്തിരിഞ്ഞത്. ഉടന്‍തന്നെ അവിടെ നടക്കുന്നുണ്ടായിരുന്ന ആളോട് ഞാന്‍ വിവരം പറഞ്ഞു. അയാള്‍ എന്നോട് മുന്നില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അക്രമി പിന്നെ ആ വഴി വന്നില്ല. നടത്തം കഴിഞ്ഞശേഷം നേരേ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി. കിട്ടി കഴിഞ്ഞാല്‍ എനിക്ക് അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണം.'- യുവതി പറഞ്ഞു.
'എനിക്ക് രണ്ട് പെണ്‍മക്കളാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പഠിത്തം കഴിഞ്ഞാല്‍ അവരും നടക്കാന്‍ വരും. തിരിച്ച് ഞങ്ങള്‍ ഒരുമിച്ചാണ് കാറില്‍ മടങ്ങാറുള്ളത്. ഇത് ആ കുട്ടികള്‍ക്കാണെങ്കിലോ സംഭവിച്ചന്തെങ്കില്‍ എന്താകുമായിരുന്നു? എത്ര കുട്ടികളും അമ്മമാരും ഇതുകാരണം അവിടെ നടത്തം നിര്‍ത്തിയിട്ടുണ്ടാകും?'- യുവതി ചോദിച്ചു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നല്ലരീതിയിലാണ് ഇടപെടലുണ്ടായതെന്നും യുവതി പറഞ്ഞു. ആ സംഭവം കാരണം ഇനി നേരത്തെ പോകാതിരിക്കരുതെന്നാണ് പോലീസ് പറഞ്ഞത്. അതേസമയത്ത് തന്നെ പോകണമെന്നും പറഞ്ഞു. പിറ്റേദിവസം സ്റ്റേഡിയത്തില്‍ പോയപ്പോള്‍ അവിടെ പോലീസ് സുരക്ഷയുണ്ടായിരുന്നു. പോലീസ് ജീപ്പിലും ബൈക്കുകളിലും പോലീസുകാരുണ്ടായിരുന്നു. അത് ഭയങ്കര സന്തോഷമായി. പരാതി നല്‍കിയതിന് പിന്നാലെ ഓരോദിവസവും അന്വേഷണ പുരോഗതി പോലീസ് അറിയിച്ചിരുന്നതായും യുവതി പറഞ്ഞു.
അതേസമയം, കലൂരിലെ സംഭവത്തിന് പിന്നിലും കഴിഞ്ഞദിവസം പിടിയിലായ ഇമ്മാനുവലാണെന്നാണ് പോലീസിന്റെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണം തുടരുകയാണ്.
രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കലും ഇവര്‍ക്ക് നേരേ നഗ്നതാ പ്രദര്‍ശനവും പതിവാക്കിയ കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവലി(31)നെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒരുമാസമായി കൊച്ചി നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഇയാള്‍ നിരന്തരം ശല്യംചെയ്തുവരികയായിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പ്രതി സ്‌കൂട്ടറിലെത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കുന്നതും ഇവര്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ അതിവേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു പതിവ്.
സ്ത്രീകളെ ശല്യംചെയ്യുന്നുവെന്ന പരാതി പതിവായതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് യുവാവിനെ കണ്ടെത്തിയെങ്കിലും സ്‌കൂട്ടറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതും ഹെല്‍മെറ്റ് ധരിച്ചതും ആളെ തിരിച്ചറിയാന്‍ വെല്ലുവിളിയായി. തുടര്‍ന്ന് ആഴ്ചകളോളം രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.
മൂവാറ്റുപുഴയില്‍ ജോലിചെയ്യുന്ന യുവാവ് അതിരാവിലെയാണ് സ്ത്രീകളെ ഉപദ്രവിക്കാനായി കൊച്ചി നഗരത്തിലേക്ക് വരുന്നത്. രാവിലെ മൂവാറ്റുപുഴയില്‍നിന്ന് സ്‌കൂട്ടര്‍ ഓടിച്ച് കൊച്ചിയിലെത്തുന്ന ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ച ശേഷം തിരികെ മടങ്ങും. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചായിരുന്നു യാത്ര. മിക്കദിവസവും ഇയാള്‍ 100 കിലോമീറ്ററോളം സ്‌കൂട്ടറില്‍ സഞ്ചരിക്കാറുണ്ടെന്നും പോലീസ് പറയുന്നു.
അറസ്റ്റിലായ ഇമ്മാനുവലിന്റെ മൊബൈല്‍ ഫോണുകള്‍ വിശദമായ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ അംഗമായ ചില വാട്സാപ്പ് ഗ്രൂപ്പുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ദിവസവും സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരണം ഇയാള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു.
Content Highlights: molestation against women during their morning walk in kochi more complaints are coming
Published: 02 Apr 2022, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented