കഴക്കൂട്ടം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അസം ഹോജായ് ആഷിൻസ്കർ ദഖിൻ സ്വദേശി അജ്മൽ അലി(27)യാണ് മരിച്ചത്. കാര്യവട്ടം മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

To advertise here,

ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട സംശയത്തിൽ കഴിഞ്ഞദിവസം പേട്ട പോലീസ് സ്ഥലത്തെത്തി അജ്മൽ അലിയെ അന്വേഷിച്ചിരുന്നു. പോലീസ് അന്വേഷിച്ചെത്തിയതിനുപിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതിലുണ്ടായ മനോവിഷമത്തെത്തുടർന്നാകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അജ്മൽ അലിക്ക്‌ ലഹരിവിൽപ്പനയുമായി ബന്ധമില്ലെന്നാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)