
ലഖ്നൗ: കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസിൽ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് പോലീസും മീററ്റ് ഡ്രഗ് ഇൻസ്പെക്ടർ പീയുഷ് ശർമയും. കൊലപ്പെടുത്തുന്നതിന് മുൻപ് സൗരഭിനെ മയക്കിക്കിടത്താൻ ഭാര്യയായിരുന്ന മുസ്കാൻ റസ്തോഗി സൗരഭിന്റെ മരുന്നുകുറിപ്പടിയിൽ കൃത്രിമം നടത്തുകയും ഇതുപയോഗിച്ച് ഉറക്കഗുളികകൾ വാങ്ങിയെന്നുമാണ് പുറത്തുവന്ന പുതിയ വിവരം. കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്കുമുൻപാണ് മുസ്കാൻ ഈ മരുന്ന് വാങ്ങിയതെന്നും പോലീസ് അറിയിച്ചു.
ഫെബ്രുവരി 22-ന് മുസ്കാൻ അമിതമായ ഉത്ക്കണ്ഠയ്ക്ക് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങിയിരുന്നുവെന്ന് മീററ്റ് അഡീഷണൽ എസ്പി ആയുഷ് വിക്രം പറഞ്ഞു. ശേഷം ഈ മരുന്നുകളെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞ് വിശദാംശങ്ങൾ മനസിലാക്കി. പിന്നീട് ഒരു കുറിപ്പടി സംഘടിപ്പിച്ച് മരുന്നുകളുടെ പേരുകൾ ഇതിലെഴുതുകയും അവ വാങ്ങുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. മുസ്കാന് മരുന്ന് നൽകിയത് മീററ്റിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഷോപ്പാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകട അധികൃതർ കഴിഞ്ഞദിവസം റെയ്ഡ് ചെയ്തു.
മൂന്നുതരം മരുന്നുകളാണ് മുസ്കാൻ ഇവിടെ നിന്ന് വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആന്റിഡിപ്രസന്റുകളും ഉറക്ക ഗുളികകളും ഉൾപ്പെടുന്നു. മാർച്ച് ഒന്നിന് മുസ്കാൻ മരുന്ന് വാങ്ങിയതായി മെഡിക്കൽ സ്റ്റോർ രേഖകൾ വ്യക്തമാക്കുന്നു. മാർച്ച് നാലിനാണ് സൗരഭ് കൊല്ലപ്പെടുന്നത്. ഈ മരുന്നുകൾ ഭർത്താവിനെ മയക്കുമരുന്നിന് അടിമയാക്കാൻ ഉപയോഗിച്ചിരുന്നോ എന്ന് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുറിപ്പടി കാണിച്ച് വാങ്ങേണ്ടുന്ന വിഭാഗത്തിൽപ്പെട്ട മരുന്നാണോ മുസ്കാൻ വാങ്ങിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് മീററ്റ് ഡ്രഗ് ഇൻസ്പെക്ടർ പീയൂഷ് ശർമ പറഞ്ഞു.
ഇതാദ്യമായല്ല സൗരഭിനെ കൊലപ്പെടുത്താൻ മുസ്കാൻ ശ്രമിക്കുന്നത്. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ ജന്മദിനമായ ഫെബ്രുവരി 25 ന് ഇദ്ദേഹത്തെ മദ്യത്തിൽ മയക്കുമരുന്ന് നൽകി കൊല്ലാൻ മുസ്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, സൗരഭ് ആ ദിവസം മദ്യപിക്കാതിരുന്നതിനാൽ പദ്ധതി പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
സൗരഭിൽനിന്ന് തട്ടിയെടുത്ത പണം കേസിലെ മറ്റൊരു പ്രതിയായ സഹിൽ ശുക്ല ചൂതാട്ടത്തിനുപയോഗിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റ് വാതുവെപ്പുകളിൽ പങ്കെടുത്ത് വിജയിച്ചുകിട്ടുന്ന പണം കൊണ്ട് മുസ്കാനുമൊത്ത് ജീവിക്കാമെന്നായിരുന്നു സഹിൽ പദ്ധതിയിട്ടിരുന്നത്. സാഹിൽ വാതുവെപ്പ് നടത്തിക്കൊണ്ടിരുന്ന സംഘത്തേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. വാതുവെപ്പിലൂടെയും ചൂതാട്ടത്തിലൂടെയും നേടിയ പണം മുസ്കാനൊപ്പം ഋഷികേശിലേക്കും ഡെറാഡൂണിലേക്കും നടത്തിയ യാത്രകൾക്കാണ് സാഹിൽ ചെലവഴിച്ചത്. സഹിലിന് സ്ഥിരവരുമാനമുണ്ടായിരുന്നില്ലെന്നും ചൂതാട്ടത്തിൽനിന്നാണ് ഇയാൾ പണം സമ്പാദിച്ചിരുന്നതെന്നും അയൽക്കാരും പറഞ്ഞു.
മുസ്കാനും മകൾക്കുംവേണ്ടി സൗരഭ് എല്ലാമാസവും ഒരുലക്ഷം രൂപ വീതം അയച്ചുകൊടുത്തിരുന്നു. ഈ പണം വരുമ്പോഴെല്ലാം ഇക്കാര്യം മുസ്കാൻ സഹിലിനെ അറിയിക്കുമായിരുന്നു. ഈ പണം സഹിൽ വാങ്ങി ക്രിക്കറ്റ് വാതുവെപ്പുകളിൽ ഉപയോഗിക്കുകയായിരുന്നു. വർഷങ്ങളായി ഐപിഎൽ മത്സരങ്ങളിൽ പന്തയം വെയ്ക്കുന്നയാളാണ് സഹിലെന്നും പുതിയ മത്സരത്തിന്റെ സീസണിൽ കൂടുതൽ പണം വാതുവെയ്ക്കാൻ തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ഒമ്പത് പേർക്ക് ബന്ധമുണ്ടെന്നാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. അതിൽ നാല് കടയുടമകൾ, ഒരു ഡോക്ടർ, ഒരു കെമിസ്റ്റ്, ഒരു ക്യാബ് ഡ്രൈവർ, ഒരു വാടകക്കാരൻ, പണം കൈമാറ്റം ചെയ്ത ഒരു അക്കൗണ്ട് ഉടമ എന്നിവരും ഉൾപ്പെടുന്നു. ഇവരിൽ ഇതുവരെ ഏഴ് പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ഈ വ്യക്തികളെ എല്ലാവരേയും ചോദ്യം ചെയ്യുന്നുണ്ടെന്ന് എസ്പി ആയുഷ് വികം സ്ഥിരീകരിച്ചു.
Content Highlights: Saurabh Rajput Murder: Wife`s Role Revealed
Published: 24 Mar 2025, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented