മരട്: കോട്ടയം പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് നാട്ടകം മൂലക്കളത്തിൽ വീട്ടിൽ സുധാ ബേബി (46)യെ പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഹൈക്കോടതി മുൻ ജീവനക്കാരൻ വൈറ്റില പൊന്നുരുന്നി പി.സി. റോഡിൽ പൊന്നുരുന്നി ഈസ്റ്റ് ഗ്രാമീണ വായനശാലയ്ക്കുസമീപം കണ്ടത്തിൽ വീട്ടിൽ കെ.വി. ഷാജി (63) പിടിയിലായി.
ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനുസമീപം ട്രെയിൻ ഓടാത്ത പാളത്തിൽ മൃതദേഹം കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിൻ തട്ടിയല്ലെന്ന് കണ്ടെത്തിയത്.
പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് എത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്.
ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്.
കോട്ടയം മൂലേടം ദിവാൻകവല മൂലക്കളത്തിൽ ബേബിയുടെയും അശ്വതിയുടെയും മകളാണ് സുധ. കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് സുധ കുറെക്കാലം താമസിച്ചിരുന്നത്. മൂലേടത്ത് ഇടയ്ക്കുവന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം മൂലേടത്തെ വീട്ടിൽ എത്തിച്ചു. സംസ്കാരം ബുധനാഴ്ച 11.30ന് പാക്കിൽ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Content Highlights: Woman Found Dead on Railway Tracks: Former HC Staffer Arrested in Maradu Murder Case
Published: 25 Feb 2026, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented