
മൈസൂരു: കര്‍ണാടകയിലെ മാണ്ഡ്യ മേലുകോട്ടെയില്‍ അധ്യാപികയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അധ്യാപികയുടെ നാട്ടുകാരനും സുഹൃത്തുമായ നിതീഷി(22)നെയാണ് ബുധനാഴ്ച ഹോസ്‌പേട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയും അധ്യാപികയും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച മുതല്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ദീപിക വി. ഗൗഡ(28)യെ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ദീപിക വൈകിട്ടും വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്‌കൂളിലേക്ക് പോയ ദീപിക, ഉച്ചയ്ക്ക് 12 മണിയോടെ സ്‌കൂളില്‍നിന്ന് മടങ്ങിയെന്നായിരുന്നു വിവരം. എന്നാല്‍, ഇതിനുശേഷം യുവതി എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മേലുകോട്ടെ കുന്നിന് സമീപം അധ്യാപികയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ച് ഇത് ദീപികയുടെ വാഹനമാണെന്ന് ഉറപ്പിച്ചു. പിന്നാലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ഒരു വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോക്ലിപ്പ് പോലീസിന് കിട്ടിയിരുന്നു. സ്‌കൂട്ടര്‍ കണ്ടെത്തിയ സ്ഥലത്തുവെച്ച് ഒരുയുവതിയും യുവാവും വഴക്കിടുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് സമീപത്തെ ഒരിടത്ത് മണ്ണിളകിയനിലയില്‍ കണ്ടത്. ഇവിടെനിന്ന് ദുര്‍ഗന്ധം വമിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇവിടെ മണ്ണുനീക്കി പരിശോധിച്ചതോടെയാണ് അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.
അവസാനം വിളിച്ചത് നിതീഷ്, ഒളിവില്‍പോയി...
ദീപികയെ കാണാനില്ലെന്ന പരാതി നല്‍കിയതിന് പിന്നാലെ സമീപവാസിയായ നിതീഷിനെക്കുറിച്ചുള്ള വിവരം യുവതിയുടെ ഭര്‍ത്താവ് പോലീസിന് കൈമാറിയിരുന്നു. ദീപികയെ അവസാനം വിളിച്ചത് നിതീഷാണെന്നാണ് ഭര്‍ത്താവും കുടുംബവും ആരോപിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കാണാനില്ലെന്ന് വ്യക്തമായി. പ്രതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു.
രണ്ടുവര്‍ഷമായി അടുപ്പം, പിറന്നാള്‍ ദിവസം കൊലപാതകം...
കൊല്ലപ്പെട്ട ദീപികയും പ്രതി നിതീഷും പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി നിവാസികളാണ്. ഭര്‍ത്താവിന്‍റെയും ഏഴുവയസുള്ള മകന്റെയും കൂടെയായിരുന്നു അധ്യാപികയായ ദീപികയുടെ താമസം. സമീപവാസികളായ നിതീഷും ദീപികയും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യമറിഞ്ഞ ദീപികയുടെ കുടുംബം നിതീഷിന് താക്കീത് നല്‍കി. ദീപികയുമായുള്ള സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ദീപിക നിതീഷുമായി അകലം പാലിച്ചിരുന്നതായാണ് വിവരം. തുടര്‍ന്നാണ് പ്രതി യുവതിയെ കൊലപ്പെടുത്താനായി പദ്ധതി ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്ന ശനിയാഴ്ച നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞാണ് പ്രതി ദീപികയെ മേലുകോട്ടെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ സംശയം. തുടര്‍ന്ന് ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ദീപിക അകലം പാലിച്ചതും ബന്ധം തുടരാതിരുന്നതുമാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ട് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം യുവാവ് നാട്ടില്‍നിന്ന് മുങ്ങിയത്. താന്‍ നാടുവിടുകയാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും പിതാവിന് സന്ദേശം അയച്ചശേഷമായിരുന്നു പ്രതി മാണ്ഡ്യയില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍, പോലീസ് നടത്തിയ തിരച്ചിലില്‍ ഹൊസ്‌പേട്ടില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്.
Content Highlights: mandya melukote teacher murder case
Published: 25 Jan 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented