ഉജ്ജയിന്‍: ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രെയിനുകളില്‍ തള്ളി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തില്‍ പ്രതിയായ കമലേഷ് പട്ടേലെന്ന 60-കാരനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. കൃത്യം നടത്താനായി ഇയാള്‍ ഉപയോഗിച്ച കത്തി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

To advertise here,

ഇന്ദോര്‍-നഗ്ദ, ഇന്ദോര്‍-ദെഹ്‌റാദൂൺ ട്രെയിനുകളില്‍ നിന്നാണ് മൃതദേഹഭാഗങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ ഒമ്പതിന് ഇന്ദോറില്‍ വെച്ചാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ ട്രെയിനില്‍ നിന്ന് ആദ്യം ലഭിച്ചത്. പിന്നീട് ജൂണ്‍ പത്തിന് യുവതിയുടെ കൈകാലുകള്‍ ഋഷികേശില്‍ വെച്ച് മറ്റൊരു ട്രെയിനില്‍ നിന്ന് ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. 

ജൂണ്‍ ആറ് മുതല്‍ യുവതിയെ കാണാതായിരുന്നു. അന്ന് ഭര്‍ത്താവുമായി വഴക്കിട്ട 37-കാരി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് മഥുരയിലേക്ക് പോകാനായി ഉജ്ജയിന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ കമലേഷ് പട്ടേല്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തുനല്‍കി. 

തുടര്‍ന്നാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ ബലാത്സംഗശ്രമം പരാജയപ്പെട്ടു. ഇതോടെ പട്ടേല്‍ യുവതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിമുറിച്ച ഇയാള്‍ ശരീരഭാഗങ്ങള്‍ രണ്ട് ട്രെയിനുകളിലായി തള്ളുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.