ആലപ്പുഴ: കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയ ശേഷം ഒരു ദിവസം മകളുടെ കൂടെ താമസിച്ച ശേഷമാണ് ആഗ്നസ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഈ നേരംകൊണ്ട് കടുത്ത പ്രകോപനത്തിലായിരുന്നു ബാബു. വ്യാഴാഴ്ച പതിവുപോലെ മദ്യപിച്ച ശേഷമാണ് ബഹളം തുടങ്ങുന്നത്. 

To advertise here,

100 രൂപ ചോദിച്ചായിരുന്നു തുടക്കം. പിന്നീട് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ പറഞ്ഞ് ആദ്യം തങ്കരാജനെ വെട്ടി. ഇതു തടഞ്ഞപ്പോഴാണ് ആഗ്നസിന് വെട്ടേറ്റതെന്നാണ് വിവരം. ഇതിനു ശേഷം സഹോദരിയേയും സമീപത്തെ വീട്ടിലുള്ളവരെയും അറിയിച്ചു. ആളുകള്‍ കൂടുന്നതിനു മുമ്പായി സൈക്കിളില്‍ ദേശീയപാതയോരത്തുള്ള ബാറിലേക്കു പോയി. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടുന്നത്. 

രാത്രി വൈകി ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിവാഹം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ പതിവായി വഴക്കിടാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

മാതാപിതാക്കളെ വെട്ടിയ ശേഷം അടുത്ത വീട്ടിലെത്തി 'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്... വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ' എന്നാണ് ഇയാള്‍ അയല്‍വീട്ടിലെത്തി പറഞ്ഞത്. വീട്ടുകാര്‍ നോക്കുമ്പോള്‍ തങ്കരാജന്‍ ചോരവാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. ആഗ്നസിന് ജീവനുണ്ടായിരുന്നു.

നഗരസഭാ മന്നത്ത് വാര്‍ഡ് പനവേലിപ്പുരയിടത്തില്‍ തങ്കരാജന്‍ (68), ഭാര്യ ആഗ്‌നസ് (67) എന്നിവരാണ് മരിച്ചത്. മകന്‍ ബാബു(44)വിനെ സമീപത്തെ ബാറില്‍നിന്ന് നോര്‍ത്ത് പോലീസ് പിടികൂടി. തങ്കരാജന് കഴുത്തിലാണ് കുത്തേറ്റത്. ആഗ്‌നസിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റു.

കൊമ്മാടി പോപ്പി പാലത്തിനു കിഴക്കുവശത്തായുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. ഇരുവരെയും കുത്തിയശേഷം സഹോദരി മഞ്ജുവിനെ വിളിച്ച് വിവരമറിയിച്ചു. പിന്നീട്, തൊട്ടടുത്ത വീട്ടിലെത്തി മാതാപിതാക്കളെ കുത്തിക്കൊന്നെന്ന് വിളിച്ചുപറയുകയും ഓടിപ്പോകുകയുമായിരുന്നു.