ശൂരനാട് : മദ്യപിച്ചെത്തിയ മകനെ അച്ഛന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് തെങ്ങുംവിള അന്‍സല്‍ മന്‍സിലില്‍ ഷിബു (39) ആണ് മരിച്ചത്. പിതാവ് തെങ്ങുംവിള ബിജുഭവനത്തില്‍ ഇബ്രാഹിംകുട്ടി(66)യെ ശൂരനാട് പോലീസ് കസ്റ്റിഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം.

To advertise here,

പോലീസ് പറയുന്നത്: ഷിബു ബാംബൂ കര്‍ട്ടന്‍ തൊഴിലാളിയാണ്. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. മുന്‍പും പലതവണ ഇയാള്‍ പിതാവിനെയും ഭാര്യയെയും മക്കളെയും മര്‍ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യയും മക്കളും മാറിത്താമസിക്കുകയായിരുന്നു. ശനിയാഴ്ച മദ്യപിച്ച് വീട്ടിലെ സിറ്റൗട്ടില്‍ കിടന്ന ഷിബുവിന്റെ തലയില്‍ പിതാവ് പാറക്കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

തൊഴിലുറപ്പ് ജോലി കഴിഞ്ഞുവന്ന അമ്മ മറിയംബീവിയാണ് മകന്‍ ചോരയൊലിച്ച് കിടക്കുന്നതുകണ്ടത്. പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സജീന. മക്കള്‍: അന്‍സല്‍, അല്‍ അമീന്‍.