അഗളി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് കഴുത്തിന് വെട്ടേറ്റ് യുവാവ് മരിച്ചു. താവളം ആനക്കല്ല് ഉന്നതിയിൽ മണികണ്ഠനാണ്‌ (30) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് ഉന്നതിയിൽ ഈശ്വരനെതിരേ (35) പോലീസ് കേസെടുത്തു. സംഭവശേഷം ഈശ്വരൻ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

To advertise here,

വ്യഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആനക്കല്ല് ഉന്നതിയിൽ ഓണത്തിനോട് അനുബന്ധിച്ച് സ്ത്രീകളെല്ലാം ഒരുമിച്ച് ഭക്ഷണമുണ്ടാക്കാനുള്ള തിരക്കിലായിരുന്നു. ഇതിനിടയിലാണ് വീട്ടിൽനിന്ന് കഴുത്തിന് വെട്ടേറ്റ മണികണ്ഠൻ വെളിയിലേക്ക് ഓടിവരുന്നതായി കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു. രക്തം വാർ‌ന്ന് അവശനിലയിലായി കുഴഞ്ഞുവീണ മണികണ്ഠനെ ഉന്നതിയിലുള്ളവർ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഈശ്വരനായി പോലീസ് അന്വേഷണം ആരംഭിച്ചു. മണികണ്ഠന്റെ ഭാര്യ: വെള്ളി. അച്ഛൻ: കാടൻ. അമ്മ: പൊളിച്ചി.