ഭോപ്പാല്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മൊറാര്‍ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. 
 
ഗ്വാളിയോറിലെ അന്ത്രിയില്‍ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോര്‍ പോലീസ് പറഞ്ഞു. 

To advertise here,

ജഗദീഷിനെ തന്ത്രപരമായി വിളിച്ചുവരുത്തിയ പ്രതികള്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ജഗദീഷിന്റെ പേരിലുള്ള വിവിധ ഇന്‍ഷുറന്‍സുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികള്‍ തന്നെയാണ് ജഗദീഷിനെ കൊണ്ട് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുപ്പിച്ചത്. 

പതിമ്മൂന്ന്‌ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ജഗദീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്ഘട്ട അന്വേഷണം. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്.