പറളി(പാലക്കാട്): കിണാവല്ലൂര്‍ കാരക്കാട്ട്പറമ്പിലെ പട്ടികജാതിയുവാവിന്റെ ആത്മഹത്യയില്‍ പലിശക്കാരനെതിരേ പോലീസ് കുറ്റംചുമത്തി. കിണാവല്ലൂര്‍ ഏച്ചംപുരവീട്ടില്‍ എസ്. സന്തോഷ്‌കുമാറിനെതിരെയാണ് ആത്മഹത്യാപ്രേരണ, പട്ടികജാതി/പട്ടികവര്‍ഗ അതിക്രമംതടയല്‍ വകുപ്പുകള്‍ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

To advertise here,

ആത്മഹത്യചെയ്ത പ്രവീണിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ചരാവിലെ ഏഴുമണിക്കു മുന്‍പായി പതിനായിരം രൂപ നല്‍കണമെന്ന് വെള്ളിയാഴ്ച വൈകീട്ട് സന്തോഷ്‌കുമാര്‍ പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പ്രവീണിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവമോര്‍ച്ച കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. പ്രവീണിന്റെ ആത്മഹത്യ ബ്‌ളേഡ്പലിശക്കാരുടെ നിരന്തരമായ ഭീഷണിമൂലമാണെന്ന് മരണദിവസം തന്നെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

കിണാവല്ലൂര്‍ മേഖലയില്‍ കൊള്ളപ്പലിശക്കാര്‍ പിടിമുറുക്കുന്നു

പറളി: കിണാവല്ലൂര്‍ കാരക്കാട്ട്പറമ്പ് പ്രദേശത്ത് പിടിമുറുക്കി കൊള്ളപ്പലിശ സംഘങ്ങള്‍. ഞായറാഴ്ചയൊഴികെ മിക്ക ദിവസങ്ങളിലും പിരിവിനായി വീട്ടുപടിക്കലില്‍ പലിശ സംഘങ്ങളെത്തും. ഇതുകൂടാതെ പ്രാദേശിക കമ്മിറ്റികളുടെയും മറ്റുസംഘങ്ങളുടെയും പിരിവ് വേറെയും. പത്തുമുതല്‍ 25ശതമാനംവരെ മാസപ്പലിശയ്ക്കാണ് ഇക്കൂട്ടരില്‍നിന്നും വായ്പയെടുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പതിനായിരംരൂപയ്ക്ക് ആഴ്ചയില്‍ 600രൂപ മുതല്‍ 1,000 രൂപവരെയാണ് തിരിച്ചടവെന്ന് പ്രദേശവാസിയായ സിബിന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയും സ്ഥിരജോലിയുടെ അഭാവവുംമൂലം മിക്കവര്‍ക്കും തുക കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാറില്ല. അടവുമുടങ്ങുമ്പോള്‍ അടുത്ത പലിശക്കാരന്റെ കൈയില്‍നിന്ന് പണംവാങ്ങി പഴയ പലിശക്കാരന് നല്‍കുകയാണ് പതിവ്. അപ്പോഴേക്കും ആദ്യമെടുത്ത തുകയുടെ ഇരട്ടിയായിട്ടുണ്ടാകും.

 ശനിയാഴ്ചരാവിലെ ആത്മഹത്യചെയ്ത പ്രവീണും പലിശക്കാരില്‍നിന്നും പണം വായ്പയെടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ദിനംപ്രതി 900 രൂപ വരുമാനമുണ്ടായിരുന്ന നിര്‍മാണത്തൊഴിലാളിയായിരുന്ന പ്രവീണിന് കൃത്യമായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊള്ളപ്പലിശക്കാരുടെ കടന്നുകയറ്റത്തിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)