മലപ്പുറം:  വിവാഹത്തിന് നാലുദിവസം മുന്‍പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം. ചൊവ്വാഴ്ച രാവിലെയാണ് വിഷ്ണുജിത്തിന്റെ കുടുംബത്തെ തേടി പോലീസിന്റെ ആ ഫോണ്‍വിളിയെത്തിയത്. വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കണ്ടെത്തിയെന്നും തങ്ങളുടെ കൂടെയുണ്ടെന്നും പോലീസ് സംഘം വിളിച്ചറിയിച്ചതോടെ ആറുദിവസത്തോളം നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്. 

To advertise here,

''വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കിട്ടിയെന്നും അവരുടെ കൂടെയുണ്ടെന്നും രാവിലെയാണ് പോലീസ് വിളിച്ചുപറഞ്ഞത്. ഇന്നലെ ഫോണ്‍ ഓണായിരുന്നു. വിളിച്ചപ്പോള്‍ റിങ് ചെയ്തു, ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല. അപ്പോള്‍ തന്നെ ഈ വിവരം പോലീസിനെ അറിയിച്ചു. അങ്ങനെ പോലീസ് സംഘം ഫോണ്‍ ലൊക്കേറ്റ് ചെയ്ത് കണ്ടുപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ കണ്ടെത്തിയെന്ന് അറിയിച്ചു. ഉച്ചയോടെ എസ്.പി. സാറും വിളിച്ചു. കൂടുതല്‍വിവരങ്ങളൊന്നും പറഞ്ഞില്ല. അവര്‍ തിരികെവന്നുകൊണ്ടിരിക്കുകയാണ്. കല്യാണമാകുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അല്ലാതെ മറ്റുസാമ്പത്തികബുദ്ധിമുട്ടുകള്‍ ഉള്ളതായി നമ്മളോട് പറഞ്ഞിട്ടില്ല''- സഹോദരി ജെസ്‌ന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

വിഷ്ണുജിത്ത് സുരക്ഷിതനാണെന്നും ഉടന്‍ നാട്ടിലെത്തിക്കുമെന്നും മലപ്പുറം എസ്.പി. എസ്. ശശിധരനും മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ മലപ്പുറം പോലീസിന്റെ പ്രത്യേകസംഘമാണ് യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുദിവസമായി പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു. ഇന്നലെ കൂനൂര്‍ഭാഗത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെ ഈ വിവരം തമിഴ്‌നാട് പോലീസിന് കൈമാറി. അവര്‍ നല്ലരീതിയില്‍ സഹായിച്ചു. കണ്ടെത്തിയപ്പോള്‍ വിഷ്ണുജിത്ത് ഒറ്റയ്ക്കായിരുന്നു. ബാക്കിവിവരങ്ങള്‍ സാവകാശം ചോദിച്ചറിഞ്ഞ് പിന്നീട് അറിയിക്കാമെന്നും എസ്.പി. വ്യക്തമാക്കി. 

സെപ്റ്റംബര്‍ നാലിനാണ് വിഷ്ണുജിത്ത് മലപ്പുറത്തെ വീട്ടില്‍നിന്ന് പോയത്. എട്ടാം തീയതി മഞ്ചേരി സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെ വിവാഹാവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനായി പാലക്കാട് പോയെന്നാണ് പിന്നീട് ഫോണില്‍വിളിച്ച് പറഞ്ഞത്. നാലാംതീയതി രാത്രി സഹോദരിയെ ഫോണില്‍ വിളിച്ച് അക്കൗണ്ടിലേക്ക് പതിനായിരം രൂപയും അയച്ചുനല്‍കി. എന്നാല്‍, പിന്നീട് വിഷ്ണുജിത്തിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാലക്കാട്ടെ സുഹൃത്തിനോട് അന്വേഷിച്ചപ്പോള്‍ ഇവിടെവന്നെന്നും ഒരുലക്ഷം രൂപ വിഷ്ണുജിത്തിന് നല്‍കിയെന്നും തുടര്‍ന്ന് തിരികെ ബസ് സ്റ്റാന്‍ഡിലേക്ക് പോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ദിവസങ്ങളോളം ഫോണ്‍സ്വിച്ച് ഓഫ് ആയതിനാല്‍ ആനിലയ്ക്കുള്ള തിരച്ചിലും ആദ്യദിവസങ്ങളില്‍ വെല്ലുവിളിയായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് വിഷ്ണുജിത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. ഇതോടെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ തിരച്ചില്‍. ഇതിനിടെയാണ് കഴിഞ്ഞദിവസം സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ മൊബൈല്‍ഫോണ്‍ റിങ് ചെയ്തത്. കോളെടുത്തെങ്കിലും ഒന്നും പ്രതികരിച്ചില്ല. ഉടന്‍തന്നെ കുടുംബം ഈവിവരം പോലീസിന് കൈമാറി. സൈബര്‍സെല്ലിന്റെ സഹായത്തോടെ വിഷ്ണുജിത്തിന്റെ അവസാന ലൊക്കേഷന്‍ ഊട്ടിക്ക് സമീപം കൂനൂരിലാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ഊട്ടി പോലീസിന് വിവരം കൈമാറുകയും മലപ്പുറം ഡിവൈ.എസ്.പി. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഊട്ടിയിലും കൂനൂരിലും എത്തി തിരച്ചില്‍ നടത്തുകയുമായിരുന്നു.