
കാളികാവ്(മലപ്പുറം): വാവിട്ടുകരയുന്ന പിഞ്ചോമനയുടെ മുഖമാണ് കണ്ണടച്ചാല്‍ തെളിയുന്നതെന്ന് മാതാവ് ശഹബാനത്ത്. രണ്ടരവയസ്സുകാരിയെ പിതാവ് മര്‍ദിക്കുന്നത് തടയാന്‍ കഴിയാത്ത വിഷമവുമുണ്ട് ശഹബാനത്തിന്. ക്രൂരമര്‍ദനം തടയാന്‍ ശ്രമിച്ച ശഹബാനത്തും മര്‍ദനത്തിനിരയായി.
കുഞ്ഞിന്റെ വായ് പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിക്കുകയും തൂക്കിയെടുത്ത് അലമാരയില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് മാതാവ് പറയുന്നത്. കുഞ്ഞിന്റെ മൂക്കില്‍നിന്ന് നുരയും പതയും വരുന്നതുവരെ മര്‍ദനം തുടര്‍ന്നു. കുഞ്ഞിനെ ശഹബാനത്തില്‍നിന്ന് കഴിവതും അകറ്റിയാണ് മുഹമ്മദ്ഫായിസും വീട്ടുകാരും വളര്‍ത്തിയത്. ശഹബാനത്തിനെയും വീട്ടുകാരെയും ആക്രമിച്ചതിനെതിരേ മുഹമ്മദ് ഫായിസിന്റെ പേരിലുള്ള കേസ് പരിഗണിക്കാനിരിക്കെയാണ് കൊടും ക്രൂരത.
പലതവണ പോലീസില്‍ പരാതിപ്പെട്ടപ്പോഴും ഇയാള്‍ മര്‍ദിച്ച് പരാതി പിന്‍വലിപ്പിച്ചിട്ടുണ്ടെന്ന് ശഹബാനത്ത് പറയുന്നു. അതേ തന്ത്രം നടക്കാതെവന്നപ്പോഴാണ് കുഞ്ഞിനുനേരെ തിരിഞ്ഞത്.
ഫായിസിന്റെ സഹോദരിയും ഭര്‍ത്താവും അതേ വീട്ടില്‍തന്നെയാണ് താമസിക്കുന്നതെന്നും ശഹബാനത്ത് പറഞ്ഞു. തനിക്കും കുട്ടിക്കും നേരേയുള്ള അക്രമം തടയാന്‍ ആരും തയ്യാറായിരുന്നില്ലെന്നും പറയുന്നു.
പ്രതിക്കൊപ്പം മകളെ വീണ്ടും അയക്കാന്‍ നിര്‍ബന്ധിച്ചത് പോലീസ്
മര്‍ദനം സഹിക്കാനാകാതെ അവിടെനിന്നുപോന്ന ശഹബാനത്തിനെയും കുട്ടികളെയും വീണ്ടും പ്രതിക്കൊപ്പം അയച്ചത് ഫെബ്രുവരി മൂന്നിന്. ശഹബാനത്തിന്റെ മാതാവ് റംലത്തിനൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞത്.
പോലീസാണ് മകളെ ഭര്‍ത്താവിന്റെ കൂടെ വീണ്ടും പറഞ്ഞയക്കാന്‍ നിര്‍ബന്ധിച്ചതെന്ന് റംലത്ത് പറയുന്നു. പെണ്‍കുട്ടികളെ കല്യാണം കഴിച്ചുവിട്ടാല്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് കഴിയേണ്ടതെന്ന് പറഞ്ഞാണ് പോലീസ് ഇടപെട്ടത്. പരാതി നല്‍കിയ വേളകളില്‍ പോലീസ് നീതിപൂര്‍വമായ നടപടിയെടുത്തിരുന്നെങ്കില്‍ കുഞ്ഞിന് ഈ ഗതി വരില്ലായിരുന്നുവെന്നും പൊട്ടിക്കരച്ചില്‍ അടക്കാതെ റംലത്ത് പറഞ്ഞു.
ദുരന്തവാര്‍ത്ത കേട്ടതിനുശേഷം ഇതുവരെ പച്ചവെള്ളമല്ലാതെ റംലത്ത് ഒന്നും കഴിച്ചിട്ടില്ല. രണ്ടു രാത്രികള്‍ ഇരുണ്ടു വെളുത്തുവെങ്കിലും ഒരുപോള കണ്ണടച്ചിട്ടില്ല..
രണ്ടരവര്‍ഷം പ്രായമായ പേരക്കുട്ടിയെ നാല്‍പ്പത്തിരണ്ടു ദിവസമൊഴികെ ബാക്കിയെല്ലാ ദിവസവും നോക്കിയത് റംലത്താണ്. അതുകൊണ്ടുതന്നെ കുട്ടിക്കും ഏറ്റവും പ്രിയപ്പെട്ടയാള്‍ ഇവര്‍ തന്നെയായിരുന്നു. രാത്രി കുട്ടിയുടെ കിടത്തവും വല്യുമ്മയോടൊപ്പമായിരുന്നു. അപ്രതീക്ഷിതമായ വേര്‍പാട് താങ്ങാനാവാതെ ഉഴറുകയാണ് ഈ അന്‍പത്തിയഞ്ചുകാരി.
''അവന് വേണ്ടായിരുന്നെങ്കില്‍ ഞാനെന്റെ കുട്ടിയെ പൊന്നുപോലെ നോക്കുമായിരുന്നല്ലോ'' എന്നുപറഞ്ഞാണ് ഇവരുടെ കരച്ചില്‍. തങ്ങളുടെ കുട്ടിയെ കൊന്ന ഫായിസിന് തൂക്കുകയര്‍തന്നെ നല്‍കണമെന്നാണ് മാതാവ് ശഹബാനത്തിന്റെയും റംലത്തിന്റെയും ബന്ധുക്കളുടെയും ആവശ്യം. ഫായിസിന്റെ വീട്ടുകാര്‍ക്കും ഇതില്‍ പങ്കുണ്ട്, അവര്‍ക്കും പരമാവധി ശിക്ഷ കിട്ടണം- ഇവര്‍ പറഞ്ഞു.
ഒരുമാസം മുമ്പാണ് ഫായിസ് ഭാര്യയെയും കുട്ടികളെയും തന്റെ വീട്ടിലേക്കു കൊണ്ടുപോയത്. പോകുമ്പോള്‍ വിവരങ്ങള്‍ അറിയാന്‍ റംലത്ത് മകള്‍ക്ക് ഒരു ഫോണ്‍വാങ്ങി റീചാര്‍ജ് ചെയ്ത് നല്‍കിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വിളിയൊന്നും കാണാത്തതിനാല്‍ വിവരങ്ങളറിയാന്‍ റംലത്തും ബന്ധുക്കളും അവരുടെ വീട്ടില്‍പോയി. വീട്ടില്‍ ചെന്നപ്പോള്‍ തടഞ്ഞു. നിര്‍ബന്ധം പിടിച്ച് കുഞ്ഞിനെ കണ്ടു. അപ്പോള്‍ കുഞ്ഞിന്റെ ദേഹത്താകെ മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി കുട്ടിയുടെ ഫോട്ടോ കാണിച്ച് റംലത്ത് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ കളിച്ചപ്പോഴുണ്ടായതാണെന്നാണ് ഫായിസിന്റെ മാതാവും സഹോദരിയും പറഞ്ഞതെന്നും റംലത്ത് പറഞ്ഞു.
അന്നു കുട്ടിയെ തന്റെയൊപ്പം കൊണ്ടുവരാനിരുന്നതാണ്. പക്ഷേ അവരുടെ വീട്ടുകാര്‍ കുട്ടിയെ തന്റെ കൈയില്‍നിന്ന് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. മുഹമ്മദ് ഫായിസും വീട്ടുകാരും കാണാതെയാണ് ചിത്രം ഫോണില്‍ പകര്‍ത്തിയതെന്നും അവര്‍ പറഞ്ഞു.
പ്രതിയുടെ മാതാവിനും ബന്ധുക്കള്‍ക്കും പങ്കെന്ന് അയല്‍വാസികള്‍
കൊലപാതകത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ പ്രതി ചേര്‍ത്താണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ മാതാവ് ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തുവന്നത്. തെളിവെടുപ്പിനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.
കുഞ്ഞിനെ മര്‍ദിക്കുന്ന സമയത്ത് മുഹമ്മദ് ഫായിസിന്റെ മാതാവും സഹോദരിയും സഹോദരീഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. മര്‍ദനം തടയാനും പരാതിപ്പെടാനും വീട്ടുകാര്‍ തയ്യാറായില്ല. അന്നനാളത്തില്‍ ഭക്ഷണം കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പ്രചരിപ്പിച്ച് ക്രൂരമര്‍ദനം മറച്ചുവെയ്ക്കാന്‍ മാതാവ് ഉള്‍പ്പെടെ ശ്രമിക്കുകയും ചെയ്തു.15 ദിവസമായി നിരന്തരം കുഞ്ഞിനെ മര്‍ദിച്ചിട്ടും പ്രതികരിക്കാതെ കൂട്ടുനിന്ന ബന്ധുക്കളുടെ പേരില്‍ നടപടി വേണമെന്നാണ് ആവശ്യം. ഗൗരവമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. മൊഴിയെടുത്തശേഷം തുടര്‍നടപടിയെടുക്കാമെന്ന് കേസ് അന്വേഷിക്കുന്ന കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ശാസ്ത്രീയ തെളിവെടുപ്പ് നടത്തി
പിതാവ് ഫായിസിന്റെ വീട്ടില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. വിരലടയാളവിദഗ്ധരും ശാസ്ത്രീയ അന്വേഷണവിഭാഗവുമാണ് തെളിവെടുപ്പ് നടത്തിയത്.
കുട്ടിയുടെ തല പിടിച്ച് ഇടിച്ച അലമാര, കട്ടില്‍, കുട്ടിയുടെ വസ്ത്രം, വാതിലുകള്‍, തറയിലെ രക്തപ്പാടുകള്‍ എന്നിവ സംഘം പരിശോധിച്ചു. മൃതദേഹം സ്‌കാനിങ്ങിനും എക്‌സ്റേയ്ക്കും വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. വിരലടയാളവിദഗ്ധ എന്‍.വി. റുബീന, സയന്റിഫിക് വിദഗ്ധ വി. മിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Content Highlights: malappuram kalikavu toddler murder allegation against police and accused family
Published: 27 Mar 2024, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented