കോട്ടുവള്ളി: കോട്ടുവള്ളിയിൽ പണം പലിശയ്ക്കു നൽകിയവരുടെ സമ്മർദത്തെ തുടർന്ന്‌ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിട്ട. പോലീസ് ഡ്രൈവർ പ്രദീപ്കുമാറിന്റെ മകൾ ദീപയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മരിച്ച പുളിക്കത്തറ വീട്ടിൽ ആശാ ബെന്നിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപ്കുമാറിനും ഭാര്യ ബിന്ദുവിനും പുറമേ രണ്ടു മക്കളെയും കേസിൽ പ്രതിചേർത്തിട്ടുള്ളത്. വിശദമായ ചോദ്യംചെയ്യലുകൾക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച വൈകീട്ടാണ് ദീപയെ കോടതിയിൽ ഹാജരാക്കിയത്.

To advertise here,

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ദീപയെ കലൂരിലുള്ള ഭർത്താവിന്റെ സ്ഥാപനത്തിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് അന്വേഷണസംഘം ദീപയെ കസ്റ്റഡിയിൽ കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ്‌ പോലീസുകാരൻ പ്രദീപ്കുമാർ, ഭാര്യ ബിന്ദു, മക്കളായ ദീപ, ദിവ്യ എന്നിവരുടെ പേരിലാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പോലീസ് കേസെടുത്തിട്ടുള്ളത്. ആശാ ബെന്നി ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന സമയംതന്നെ പ്രദീപ്കുമാറും കുടുംബവും ഒളിവിൽ പോയിരുന്നു. പ്രദീപ്കുമാർ, ബിന്ദു, മകൾ ദിവ്യ എന്നിവരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊർജിതമാക്കി അന്വേഷണസംഘം. ഇതിനിടെ ആശാ ബെന്നിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു മനസ്സിലാക്കുന്നതിനായി അവരുടെ പേരിൽ അക്കൗണ്ടുകളുള്ള പൊതുമേഖലാ ബാങ്കിനും സഹകരണ ബാങ്കിനും പോലീസ് റിക്വസ്റ്റ് കൊടുത്തു. മറ്റാരിൽനിന്നെങ്കിലും ആശ പണം പലിശയ്ക്കു വാങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആശയുടെ ആത്മഹത്യക്കുറിപ്പിന്റെ വെളിച്ചത്തിൽ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന അനുമാനത്തിലാണ് പോലീസ്. ആശയ്ക്ക് ആരെങ്കിലും പണം നൽകാനുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.