കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികള്‍. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് കേസില്‍ യഥാക്രമം 11-ഉം 12-ഉം പ്രതികളാക്കിയത്. ഇതിനുപിന്നാലെ ഇരുവരെയും ബുധനാഴ്ച വൈകീട്ടോടെ പോലീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടൗണ്‍ അസി. കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം വെള്ളിയാഴ്ചയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒന്‍പതുപേരെയാണ് ഇവിടെനിന്ന് അന്ന് അറസ്റ്റുചെയ്തത്. തുടരന്വേഷണത്തിലാണ് പോലീസുകാര്‍ക്കെതിരേ തെളിവുകിട്ടിയതും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതും.

നടത്തിപ്പുകാരിയുടെ സുഹൃത്ത് ഗള്‍ഫിലുള്ള ബാലുശ്ശേരി വട്ടോളിബസാര്‍ സ്വദേശി അമനീഷ് കുമാറിനെ കേസില്‍ പത്താംപ്രതിയായും ചേര്‍ത്തിട്ടുണ്ട്.

അമനീഷിന്റെ അക്കൗണ്ടില്‍നിന്ന് ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഷൈജിത്തിന്റെ അക്കൗണ്ട് വിവരങ്ങളും ഏതെല്ലാം ബാങ്കിലാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് നടക്കാവ് പോലീസ് വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ നിക്ഷേപം വന്നിട്ടുണ്ടെന്നും ഇത് ഏതെല്ലാം കാലഘട്ടത്തിലാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. 2022 മുതല്‍ പലതവണയായി അക്കൗണ്ടിലേക്ക് പണമെത്തിയതായി വ്യക്തമായിട്ടുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ നിക്ഷേപം വന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവവഴിയാണ് നിക്ഷേപം നടത്തിയത്. ഈ അക്കൗണ്ട് സംബന്ധിച്ച ഇടപാടുകള്‍ ഇവിടെ നിയന്ത്രിക്കുന്നത് പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ ബിന്ദുവാണ്.

കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായിരുന്നു ഷൈജിത്ത്. പെണ്‍വാണിഭക്കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ വിജിലന്‍സില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

സനിത്തും ഈ സംഘത്തിന് ഒത്താശചെയ്‌തെന്നും സാമ്പത്തികയിടപാടടക്കം നടത്തിയെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ പോലീസുകാര്‍ മൂന്നുവര്‍ഷംമുന്‍പ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ബിന്ദു സമാനമായ കേസില്‍ പിടിയിലായിരുന്നു.

അന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്കുനയിച്ചത്. പോലീസുകാര്‍ക്ക് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചനലഭിച്ചിരുന്നു.

റെയ്ഡില്‍ ഇവരെയടക്കം അറസ്റ്റുചെയ്യാനായിരുന്നു സിറ്റി പോലീസ് ഉന്നതോദ്യോഗസ്ഥരുടെ തീരുമാനം. അതിനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല.