കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി പിടിയിലായി. നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് (35)നെയാണ് വയനാട് കേണിച്ചിറയിലെ പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വൈശാഖ് സമ്മതിച്ചു.
ആദ്യമൊക്കെ പ്രതികൾ മറച്ചു വെച്ച പേരാണ് വൈശാഖിന്റേത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളും തങ്ങളുടെ കൂടെയുണ്ടായിരുന്നതായി സമ്മതിച്ചത്. ആദ്യം പിടിയിലായ ജ്യോതിഷുമായി ചെറുപ്പകാലം മുതലുള്ള സൗഹൃദമാണ് ഈ കുറ്റകൃത്യത്തിലേക്ക് ഇയാൾ ഉൾപ്പെടാൻ കാരണമായത്. ഹേമചന്ദ്രനുമായി തനിക്കുള്ള സാമ്പത്തികമായ ഇടപാടും മറ്റു കാര്യങ്ങളും വൈശാഖുമായി എപ്പോഴും ജ്യോതിഷ് പങ്കുവെക്കുമായിരുന്നു. പിന്നീട് നൗഷാദുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചു നിന്നാൽ അയാളിൽ നിന്നും പണം ഈടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകയ്ക്ക് കാർ കൊടുക്കുന്ന ബിസിനസ് ഉണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും മറ്റും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചത്. കാറിൽ വെച്ച് തന്നെ പ്രതികൾ ഹേമചന്ദ്രനെ മർദ്ദിച്ചിരുന്നു.
സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും അജേഷിനും ചേരമ്പാടി ഭാഗത്തുള്ള ഒരു റിസോർട്ടിൽ ഇന്റീരിയർ വർക്ക് ജോലിയായിരുന്നു. 2024 മാർച്ച് ഇരുപത്തിരണ്ടാം തീയതി ഉച്ചയോടെ പ്രതികളായ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടുകയും, മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടി അവിടെയുള്ള പല സ്ഥലങ്ങളും നോക്കുകയും അവസാനം കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടുംകാട് തിരഞ്ഞെടുക്കുകയായിരുന്നു. കൊടും കാടായതിനാലും എപ്പോഴും ആനയുണ്ടാകുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടുകയില്ലെന്ന കാരണത്താലുമാണ് അവിടം തിരഞ്ഞെടുക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ ഡിഐജി നാരായണന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് എസ്ഐ അരുണും സംഘവും ചേർന്നാണ് വൈശാഖിനെ പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഈ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്നു പേർ പിടിയിലായി. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പോലീസ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്ഐ മുരളീധരൻ, എസ് സിപിഒമാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, ഡ്രൈവർ സിപിഒ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlights: Another arrest made in the Hemachandran murder case in Kozhikode.
Published: 03 Jul 2025, 08:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented