പിണങ്ങി നാടുവിട്ട പതിനാറുകാരിയെമയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. പ്രതികളെല്ലാം പോലീസ് പിടിയിലായെങ്കിലും നഗരത്തിൽ അങ്ങിങ്ങായി ഇരുട്ടിന്റെ മറവിലും അല്ലാതെയും ലഹരിവിൽപ്പനയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാണ്. 24 മണിക്കൂറും ജനം ഒഴുകിയെത്തുന്ന നഗരവീഥികൾ മറ്റേത് ജില്ലയിൽ കാണാനാകും. ആ വളർച്ചയുടെ മറവുപിടിച്ച് നഗരത്തിലേക്കൊഴുകുന്ന ലഹരിയും ദിനംപ്രതി വർധിക്കുന്നുണ്ട്. നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും കെട്ടിടങ്ങളും ബീച്ചും ലഹരിത്താവളങ്ങളായി മാറുന്നു. നഗരത്തിലെ ലഹരികേന്ദ്രങ്ങളെക്കുറിച്ച് മാതൃഭൂമി അന്വേഷിക്കുന്നു...

കോഴിക്കോട്: ചൊവ്വാഴ്ച സ്ഥിരംപരിശോധനയ്ക്കായാണ് വെള്ളയിൽ പോലീസ് ഹാർബറിനോടുചേർന്നുള്ള കണ്ടൽക്കാട് എന്നുവിളിക്കുന്ന പ്രദേശത്തേക്കെത്തിയത്. പോലീസിനെ കണ്ടതും കുറ്റിക്കാടിനിടയിൽനിന്ന് ചിലർ ഓടിമറഞ്ഞു. സ്ഥിരംകുറ്റവാളിയായ ഒരാളെ അവിടെനിന്ന് പോലീസ് കൈയോടെ പൊക്കി.
ബീച്ചിൽനിന്ന് നോക്കിയാലോ റോഡിൽനിന്ന് നോക്കിയാലോ കുറ്റിക്കാടും മരങ്ങളുംമാത്രം കാണാൻകഴിയുന്ന ഇടം. അതിനിടയിലൂടെ രൂപപ്പെട്ട നടപ്പാതകൾ ചെന്നെത്തുന്നത് കുറ്റിക്കാടിന്റെയും മരങ്ങളുടെയു തണലുള്ള ലഹരികേന്ദ്രങ്ങളിലേക്ക്. ആരാണ് അവിടെയുള്ളതെന്നോ, എന്താണ് അവർ ചെയ്യുന്നതെന്നോ, പുറംലോകത്തിന് അറിയാൻസാധിക്കില്ല. നിലത്തെ മാലിന്യത്തിൽ മിക്കതും മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഒപ്പം സിറിഞ്ച് കവറുകളും കഞ്ചാവ് വലിച്ചതിന്റെ അവശിഷ്ടങ്ങളും.
ആയിരക്കണക്കിനുപേർ വന്നെത്തുന്ന ബീച്ച് പരിസരത്താണ് ഈ അവസ്ഥ. അതിലൂടെ നടന്നുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എന്തുസുരക്ഷയാണ് ഭരണകൂടം നൽകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.
കുറ്റിക്കാടുകൾ നീക്കണം
തുറമുഖവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നട്ടുപിടിപ്പിച്ച മരങ്ങൾക്കിടയിലൂടെ കാടുവളർന്നാണ് ഇവിടെയിപ്പോൾ ലഹരികേന്ദ്രമായി മാറിയിട്ടുള്ളത്. ആധുനിക പാർക്കിങ് സംവിധാനം ഉൾപ്പെടെയുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കാൻ ആലോചനയുണ്ടെങ്കിലും നടപ്പായിട്ടില്ല.
തുറമുഖ വകുപ്പിന് മാത്രമല്ല, മാലിന്യസംസ്കരണ നടപടികൾ സ്വീകരിക്കേണ്ട കോർപ്പറേഷനും ഇതിൽ ഉത്തരവാദിത്വമുണ്ട്. കളക്ടർ, കോർപ്പറേഷൻ, തുറമുഖവകുപ്പ്, ജനപ്രതിനിധികൾ എന്നിവർ പ്രദേശത്ത് അടിയന്തര ഇടപെടലുകൾ നടത്തണം. കാട് വെട്ടിത്തെളിച്ച് ഒളിസങ്കേതങ്ങൾ ഇല്ലാതാക്കണം.
Content Highlights: Kozhikode Beach Mangroves: Hidden Drug Hubs and Calls for Urgent Action
Published: 31 Dec 2025, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented