കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപത്തുനിന്ന് സ്ത്രീയെ ഓട്ടോയിൽ തട്ടികൊണ്ടുപോയി മർദ്ദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. റഹ്‌മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

To advertise here,

ജൂലൈ ഏഴിന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ്സ്റ്റാന്റ് ബിൽഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുന്നതിനിടെയാണ് പ്രതികൾ ഓട്ടോയുമായെത്തിയത്. പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് സ്ത്രീയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ പ്രതികൾ പരാതിക്കാരിയെ അക്രമിക്കുകയും പരാതിക്കാരി ധരിച്ചിരുന്ന സ്വർണമാലയും പാദസരവും ബ്രേസ്ലെറ്റും പൊട്ടിച്ചെടുക്കുകയും ചെയ്തു. ശേഷം സ്ത്രീയെ വഴിയിൽ ഇറക്കിവിട്ടു. ആക്രമണത്തിൽ സ്ത്രീയുടെ നാല് പല്ലുകൾ പറിഞ്ഞുപോയി.

യുവതിയുടെ പരാതിയെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതിക്കാരിയെ സ്ഥിരമായി നേരത്തെ കണ്ട് പരിചയമുണ്ടായിരുന്ന പ്രതികൾ ഇതുമുതലാക്കിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. തട്ടിയെടുത്ത സ്വർണഭരണങ്ങൾ രാമനാട്ടുകരയിലുള്ള ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ജ്വല്ലറിക്കാർ വാങ്ങിയില്ല. തുടർന്ന് കോഴിക്കോട് കമ്മത്ത് ലൈനിലെ കടയിൽ സ്വർണം വിറ്റ് പണം വാങ്ങിയെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.