കോവളം (തിരുവനന്തപുരം): കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതുവയസുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേരെ സിറ്റി ഡാൻസാഫ് പിടികൂടി. തമിഴ്‌നാട്ടിൽനിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ്(38) ഇയാളുടെ ഭാര്യ ബിന്ദു(33), ഇവരുടെ അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ പിടികൂടിയത്.

To advertise here,

ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പളളിച്ചൽ-വെങ്ങാനൂർ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം.

ബിന്ദുവിനെ നേരത്തെ സിറ്റി ഡാൻസാഫ് സംഘം വെട്ടുകാട് ബാലൻ നഗറിൽവെച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. തുടർന്നാണ് ഇവരെ വീണ്ടും ഡാൻസാഫ് പിടികൂടുന്നത്. കാറിന്റെ ഡിക്കിക്കുളളിൽ സ്യൂട്ട്കെയ്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ഡാൻസാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് വെങ്ങാനൂരിൽവെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. ഇവരെ വിഴിഞ്ഞം പോലീസിന് കൈമാറും.