
കൊല്ലപ്പെട്ട അല്‍പ്പന, പ്രതി സോണിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു |ഫോട്ടോ: അഭിലാഷ് ചിറക്കടവ്
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിലെന്ന് പോലീസ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തിയത്. അൽപ്പനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളുമായി അൽപ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. മതിലില്‍ തലയിടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര കൊണ്ട് സോണിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
'പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നത് സോണിയെ അലോസരപ്പെടുത്തിയിരുന്നു. പറഞ്ഞ് വിലക്കിയിട്ടും അല്‍പ്പന ഫോണ്‍ വിളി തുടര്‍ന്നു. കൊലപാതകം നടന്നത് 14-ാം തീയതിയാണ്. ഇതിന്റെ തലേദിവസവും ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമുണ്ടായിരുന്നു. നിര്‍മാണ ജോലിയും മറ്റുമാണ് സോണിയും അല്‍പ്പനയും ചെയ്തുവന്നിരുന്നത്. സാധാരണ ഒമ്പത് മണിയോടെയാണ് ഇവര്‍ പണിക്കിറങ്ങുന്നത്. കൊലപാതകം നടത്താന്‍ തീരുമാനിച്ച ദിവസം അത്യാവശ്യ പണിയുണ്ടെന്നും നേരത്തെ എത്തണമെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സോണി അല്‍പ്പനയെ കൊലപാതകം നടന്ന സ്ഥലത്തേക്കെത്തിച്ചത്' കോട്ടയം ഡിവൈഎസ്പി അരുണ്‍ കെ എസ് പറഞ്ഞു.
ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപത്താണ് കൊലപാതകം നടത്തിയത്. വീടിനോട് ചേര്‍ന്ന് തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.
രാവിലെ ഏഴുമണിയോടെയാണ് ഇവര്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പരിസരത്തെത്തിയത്. ഇവിടെവെച്ച് ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നു. കൊലപാതകം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് സോണി അല്‍പ്പനയെ കൊണ്ടുവന്നത്. ഫോണ്‍ വിളിയുടെ കാര്യം പറഞ്ഞ് അല്‍പ്പനയെ പ്രകോപിപ്പിച്ച ശേഷമായിരുന്നു തര്‍ക്കം. തുടര്‍ന്ന് പിടിവലി കൂടുകയും സോണി അല്‍പ്പനയെ മതിലില്‍ ഇടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു. ഇതോടെ അല്‍പ്പന അബോധാവസ്ഥയിലായി. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം സ്ഥിരീകരിക്കാനായി അവിടെയുണ്ടായിരുന്നു ഒരു കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
17-ാം തീയതിയാണ് കാണാതായ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 18-ാം തീയതി പരാതിക്കാരനായ സോണിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ കുട്ടികളുമായി സോണി അവിടം വിട്ട് പോയതായി അറിഞ്ഞു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടു. താന്‍ അല്‍പ്പനയെ അന്വേഷിച്ച് ഇറങ്ങിയതാണെന്നാണ് സോണി പോലീസിനോട് പറഞ്ഞത്. പോലീസ് ഈ സമയം പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ എടുത്തു. എറണാകുളം റെയില്‍വേ സ്‌റ്റേഷനാണ് കാണിച്ചിരുന്നത്. തുടര്‍ന്ന് റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് സോണിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയത്. 14-ാം തീയിതി കാണാതായിട്ടും 17-ാം തീയതിവരെ പരാതി നല്‍കാതിരുന്നതും ഹാജരാകാന്‍ പറഞ്ഞ സമയത്ത് എത്താതിരുന്നതും സംശയമുണ്ടാക്കിയതായി പോലീസ് പറഞ്ഞു.
14-ാം തീയതി സോണിയും അല്‍പ്പനയും സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായി. രാവിലെ ഏഴ് മണിക്ക് ഓട്ടോറിക്ഷയിലാണ് ഇരുവരും ജോലി സ്ഥലത്തെത്തിയത്. എളപ്പാനി വരെ പോകണമെന്ന് ഇവര്‍ പറഞ്ഞു. ഓട്ടോയില്‍ ഇവര്‍ പരസ്പരം സംസാരിച്ചിരുന്നില്ലായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കി.
Content Highlights: Kottayam Murder Mystery: Inter-State Labourer Kills Wife Over Alleged Affair
Published: 19 Oct 2025, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented