ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി മനോജീത് മിശ്ര നിസ്സാരക്കാരനല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടും ക്യാമ്പസില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മനോജീത് മിശ്ര. 'മനോജീത് ദാദ ഞങ്ങളുടെ ഹൃദയങ്ങളില്‍ (ടീം എംഎം)' എന്ന കോളേജിലെ ചുമരെഴുത്ത് വരെ മനോജീത് മിശ്രയുടെ സ്വാധീനം വെളിപ്പെടുത്തുന്നു.
2017 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ തൃണമൂല്‍ കോളേജ് ഛാത്ര പരിഷദിന്റെ കോളേജ് യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് മനോജീത്താണ്. മനോജീത് പ്രതിയായതിനുപിന്നാലെ പ്രതിയുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധമില്ലെന്നും മനോജീത്തിന് കടുത്ത ശിക്ഷ നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. 'മാംഗോ' എന്നായിരുന്നു മനോജീത്തിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. കോളേജിലെ അധ്യാപകര്‍ക്കും മറ്റ് ഓഫീസ് ജീവനക്കാര്‍ക്കും ഒരു പരിധി വരെ ഇയാളെ ഭയമായിരുന്നു എന്നാണ് വിവരം. ഇയാള്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നതായും എന്നാല്‍ മനോജീത്തിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മനോജീത്തിന്റെ പിതാവ് റോബിന്‍ മിശ്ര കാളിഘട്ടിലെ ഒരു പുരോഹിതനാണ്. മകന് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനായി കഠിനാധ്വാനം ചെയ്തിരുന്നതായും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനവും ചീത്ത കൂട്ടുകെട്ടുകളും മകനെ വഴിതെറ്റിച്ചതായി റോബിന്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. നാല് കൊല്ലമായി വീട്ടില്‍ നിന്ന് അകന്ന് താമസിക്കുന്ന മനോജീത് വീട്ടുമേല്‍വിലാസത്തില്‍ എത്തുന്ന കത്തുകളും മറ്റും കൈപ്പറ്റുന്നതിനായി മാത്രമാണ് അവിടെ ചെന്നിരുന്നത്. പപ്പായി എന്നുവിളിച്ചിരുന്ന മനോജീത് ഒരു ശല്യക്കാരനാണെന്ന് അയല്‍വാസികള്‍ പറയുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്ന മനോജീത്തിനെ അഭിഭാഷകയായ ഒരു പെണ്‍സുഹൃത്ത് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മനോജീത് 2007 ലാണ് കൊല്‍ക്കത്ത കോളേജില്‍ ചേര്‍ന്നത്. 2012 ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടിയിരുന്ന മനോജീത് 2011 ല്‍ തൃണമൂല്‍ ബംഗാളില്‍ അധികാരത്തിലെത്തിയതു മുതല്‍ കോളേജ് രാഷ്ട്രീയത്തില്‍ സജീവമായി. പഠനം മുടങ്ങി. 2017 ല്‍ വീണ്ടും പ്രവേശനം നേടിയ മനോജീത് 2022 ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. സ്വയം ക്രിമിനല്‍ അഭിഭാഷകനെന്ന വിശേഷിപ്പിച്ചിരുന്ന മനോജീത് കോടതിയില്‍ ഉള്ളതിനേക്കാള്‍ അധികസമയം ക്യാമ്പസിലാണ് ചെലവിട്ടതെന്ന് പിതാവ് പറയുന്നു.
2017ല്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് നശിപ്പിച്ച സംഭവത്തില്‍ മനോജീത് ഉള്‍പ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജിലെ പാര്‍ട്ടി യൂണിറ്റ് തൃണമൂല്‍ പിരിച്ചുവിട്ടു. പക്ഷെ മനോജീത് ഇപ്പോഴും ക്യാമ്പസില്‍ നേതാവായി തുടരുകയാണ്. 2023 ല്‍ കോളേജില്‍ ക്ലെറിക്കല്‍ സ്റ്റാഫായി മനോജീത്തിന് കോളേജ് അധികൃതര്‍ നിയമനം നല്‍കി. 500 രൂപ ദിവസവേതനത്തിനായിരുന്നു നിയമനം. കോളേജിലെ മിക്ക വനിതകളോടും മനോജീത് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവിലെ കേസിലെ അതിജീവിതയോടും ഇയാള്‍ ഈ അഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തുന്നതും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതും അവരെ ബോഡി ഷെയ്മിങ് നടത്തുന്നതും ഇയാളുടെ വിനോദമായിരുന്നു.
കഴിഞ്ഞ കൊല്ലം കൊല്‍ക്കത്തയിലെ ഒരാശുപത്രിയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ മനോജീത് മുന്‍നിരയില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഒട്ടേറെ പോലീസ് കേസുകള്‍ നിലവിലുണ്ട്. ചില കേസുകളില്‍ ജാമ്യത്തിലാണിയാള്‍. നിലവിലെ കേസില്‍ ബലാത്സംഗക്കുറ്റം നിഷേധിച്ച മനോജീത് പരസ്പരസമ്മതത്തോടുകൂടിയുള്ള ലൈംഗികബന്ധമാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു.
Content Highlights: Monojit Mishra, the main accused in the Kolkata law student gang rape, had a history of violence
Published: 30 Jun 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented