കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളേജിലെ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്രയും കൂട്ടാളികളും ബലാത്സംഗത്തിനുശേഷം രാത്രി ഗാർഡ് റൂമിനുള്ളിൽ മണിക്കൂറുകളോളം മദ്യപിച്ചതായി പോലീസ്.

To advertise here,

'കുറ്റം ചെയ്ത ശേഷം, മൂന്നുപേരും ഗാർഡിന്റെ മുറിയിൽ മദ്യപിക്കുകയും പിന്നീട് സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജിയോട് സംഭവത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.'-അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കുറ്റം നടന്നതിന്റെ അടുത്ത ദിവസം മനോജിത് തെക്കൻ കൊൽക്കത്തയിലെ ദേശ്പ്രിയ പാർക്കിലുള്ള വലിയ സ്വാധീനമുള്ള ഒരു വ്യക്തിയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ സഹായിക്കാൻ കൂട്ടാക്കിയില്ല. രക്ഷപ്പെടാൻ മനോജിത് തൃണമൂൽ കോൺഗ്രസിലെ ഉന്നതരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്ന് പോലീസ് പറയുന്നു.

മനോജിത്തും സംഘത്തിലെ മറ്റു രണ്ടുപേരായ പ്രമിത് മുഖർജിയും സയിബ് അഹമ്മദും  വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ധാബയിലേക്ക് പോയതായും പോലീസ് കണ്ടെത്തി. മനോജിത്തും സംഘവും സംഭവം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.

ജൂൺ 25-ലെ സംഭവത്തിന് മുമ്പുള്ള ദിവസങ്ങളിൽ മൂന്നുപേർക്കിടയിൽ നിരവധി തവണ സംഭാഷണങ്ങൾ നടന്നതായി കോൾ രേഖകൾ കാണിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.