
മകൾക്കുനേരേ നടുറോഡിൽ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസിൽ പിടിച്ചുകൊടുത്ത പിതാവിന്റെപേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഉമാതോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ
കൊച്ചി: ഒൻപതുവയസ്സുകാരിയായ മകൾക്കുനേരേ നടുറോഡിൽ ലൈംഗികാതിക്രമം നടത്തിയ 17-കാരനെ പിടികൂടി പോലീസിൽ എൽപ്പിച്ച പിതാവിനെ കേസിൽ കുടുക്കിയെന്ന് പരാതി. പ്രതിയായ പതിനേഴുകാരനെ പെൺകുട്ടിയുടെ പിതാവ് മർദിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ റെസിഡെൻഷ്യൽ ഏരിയയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 25-ന് വൈകീട്ട് 4.30-ഓടെയാണ് നടുറോഡിൽ ഒൻപതുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായത്. ഇളയസഹോദരിക്കൊപ്പം സൈക്കിൾ ചവിട്ടാനിറങ്ങിയ പെൺകുട്ടിക്കുനേരേ 17-കാരൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അക്രമം നടത്തിയശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിന്തുടർന്ന് പിടികൂടി. ഇതിനുപിന്നാലെ കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ചിലർ സമീപിച്ചതായും ആക്ഷേപമുണ്ട്.
കടവന്ത്ര പോലീസിന്റെ നീക്കത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം സിറ്റി ഡിസിപിക്ക് പരാതി നൽകി. അതേസമയം കേസിൽ നിയമപരമായാണ് പോലീസ് പ്രവർത്തിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതിയായ 17 കാരൻ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻപാകെയാണ് ഹാജരാക്കിയത്. അവിടെ നിന്നാണ് 17-കാരന് ജാമ്യം കിട്ടിയത്. 17-കാരനെ മർദിച്ചെന്ന പരാതിയുള്ളതിനാലാണ് അതിജീവിതയായ പെൺകുട്ടിയുടെ അച്ഛന്റെപേരിൽ കേസെടുക്കേണ്ടിവന്നതെന്ന് കടവന്ത്ര എസ്എച്ച്ഒ വ്യക്തമാക്കി. പരിക്കേറ്റതായി കുട്ടിയുടെ മൊഴിയുള്ളതിനാലാണ് കേസെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസ് കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കൊച്ചി: ഒൻപതുവയസ്സുകാരിക്കുനേരേ നടുറോഡിൽ ലൈംഗികാതിക്രമം നടത്തിയയാളെ പിടികൂടി പോലീസിലേൽപ്പിച്ച പിതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനെതിരേ കോൺഗ്രസ് കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിതാവിനെതിരേ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരേ നടപടികൾ സ്വീകരിക്കാത്ത പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ കൂട്ടുനിന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സിപിഎം നേതാക്കൾ ഇടപെട്ട് കേസിലെ പ്രതിയെ രക്ഷിക്കാൻ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെന്നും ഇതിൽ കുറ്റക്കാരായ നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും സമരം നടത്തിയവർ ചൂണ്ടിക്കാട്ടി.
സിപിഎമ്മും പോലീസും ചേർന്ന് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. മകൾക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായാൽപ്പോലും പിതാവ് പ്രതികരിക്കാതെ നോക്കിനിൽക്കണമെന്നാണോ പോലീസും സിപിഎമ്മും പറയുന്നതെന്ന് ഉമാതോമസ് എംഎൽഎ ചോദിച്ചു. പരാതിക്കാരന് പോലീസ് സ്റ്റേഷനിൽ നിന്നും നീതിലഭിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്നും ഉമാതോമസ് കുറ്റപ്പെടുത്തി . കോൺഗ്രസ് നേതാക്കളായ പി.ഡി. മാർട്ടിൻ, സിജോ ജോസഫ്, ജർജസ് വി. ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ രതീഷ് വൈറ്റില, ലിജോ ജോസ്, ഹബീബ് പേരേപ്പാടൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നേതാക്കൾ എസിപി പി. രാജ്കുമാറുമായി ചർച്ചനടത്തി.
Content Highlights: Kochi father apprehends 17-year-old attacker of 9-year-old daughter on road. Family alleges father is implicated in a case filed against him for assaulting the minor.
Published: 07 Dec 2025, 06:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented