കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ സത്യം തെളിയുമെന്നും ഇന്നോ നാളെയോ ചോദ്യംചെയ്യലിന് ഹാജരാകുമെന്നും പ്രതി അഞ്ജലി റീമാദേവ്. ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെ പോക്‌സോ കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു അഞ്ജലിയുടെ പ്രതികരണം. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നല്‍കി. 

To advertise here,

'എന്നായാലും സത്യം തെളിയും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ല. പോലീസിന്റെ ചോദ്യംചെയ്യലുമായി സഹകരിക്കാതിരിക്കില്ല. ഇന്നോ നാളെയോ ചോദ്യംചെയ്യലിന് ഹാജരാകും', കോടതിയിലെത്തിയ അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു. 

നമ്പര്‍ 18 പോക്‌സോ കേസിലെ മൂന്നാംപ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് ബുധനാഴ്ച പോക്‌സോ കോടതിയില്‍ ഹാജരായത്. അതേസമയം, ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്. 

നമ്പര്‍ 18 പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെയും ബുധനാഴ്ച റിമാന്‍ഡ് ചെയ്തിട്ടുണ്ട്. റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിച്ചിരുന്നു. അതേസമയം, കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പ്രതികള്‍ക്കെതിരേ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.