കിഴക്കമ്പലം(എറണാകുളം): യുവതിയെ മർദിച്ച് അവശയാക്കിയ ശേഷം കഴുത്തുഞെരിച്ച് മരിച്ചെന്ന് കരുതി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ പ്രതി ചേലാട് തുമ്പറത്തുകുടി നിതിൻ യുവതിയിൽ നിന്നും സ്വർണവും പണവും കൈപ്പറ്റിയതായി വിവരം ലഭിച്ചു.

To advertise here,

പലതവണയായാണ് 12 പവൻ സ്വർണവും പണവും യുവതിയിൽ നിന്നും വാങ്ങിയെടുത്തത്. സ്നേഹബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾ യുവതിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ അറസ്റ്റിലായ നിതിനുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.

നിതിനെ ആക്രമണം നടന്ന യുവതിയുടെ വീട്ടിലും ഉപേക്ഷിച്ച കുറ്റിക്കാട്ടിലും എത്തിച്ച് തെളിവെടുത്തിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചിരുന്നു.

നിതിൻ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കിൽ യുവതി എത്തിയപ്പോഴുണ്ടായ പരിചയമാണ് അടുത്ത ബന്ധത്തിലേക്ക് വളർന്നത്.

തന്റെ വിവാഹം ഉറപ്പിച്ചതോടെ ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇനി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും നിതിൻ യുവതിയെ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. മർദനമേറ്റ് അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടിക്കെട്ടി കാറിലിട്ട് കൊണ്ടുപോയി കോതമംഗലം ന്യൂ ബൈപ്പാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പോലീസ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.