കാഞ്ഞങ്ങാട്: പേരാവൂരിലെ എ.കെ. സാദിഖിന് ഒരുകോടി രൂപ സമ്മാനമടിച്ച കേരള ഭാഗ്യക്കുറി ടിക്കറ്റ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സമ്മാനത്തുക കിട്ടുക എളുപ്പമല്ല. ടിക്കറ്റ് തട്ടിയെടുെത്തന്ന് ബോധ്യപ്പെട്ടാൽ ലോട്ടറി ഡയറക്ടർക്ക് സമ്മാന വിതരണം തടയാം. കോടതിക്കും തടയാനാകും. ഇതിന് സാദിഖ് കോടതിയെ സമീപിക്കേണ്ടിവരും. പോലീസ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർചെയ്താൽ സമ്മാനവിതരണം തടയുന്ന രീതി മുമ്പുണ്ടായിരുന്നു. പക്ഷേ, പരാതികൾ കൂടിയ സാഹചര്യത്തിൽ പ്രഥമവിവര റിപ്പോർട്ട് പോരാ കോടതി ഉത്തരവുതന്നെ വേണമെന്ന് ലോട്ടറിവകുപ്പ് തീരുമാനിക്കുകയായിരുന്നു.
സമ്മാനം കിട്ടാൻ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഡയറക്ടറേറ്റിലോ നൽകുകയാണ് ചെയ്യേണ്ടത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറിയാൽ മതി. ആക്ഷേപമോ പരാതിയോ ഉയർന്നാൽ ഒന്നോരണ്ടോ ദിവസം മാധ്യമങ്ങളിൽ വാർത്ത വരും, അത് നിലച്ചുകഴിഞ്ഞാൽ ടിക്കറ്റ് ഹാജരാക്കി പണം കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഈ സാധ്യതകൂടി ഇല്ലാതാക്കാനാണ് കോടതിയുടെ സ്റ്റേ ഉത്തരവ് ലോട്ടറി വകുപ്പ് ആവശ്യപ്പെടുന്നത്.
സമ്മാനത്തുക കൈയിൽ കിട്ടുന്നതിന് വേറെ കടമ്പകളുണ്ട്. ടിക്കറ്റിന്റെ ഉടമസ്ഥതാവകാശം സ്ഥാപിച്ചെടുക്കണം. ടിക്കറ്റിന്റെ പിൻഭാഗത്ത് പേരെഴുതി ഒപ്പിടാനുള്ള സ്ഥലമുണ്ട്. ആ പേരും ഒപ്പും ആരുടേതാണോ അയാൾക്കാണ് ഉടമസ്ഥാവകാശം. തട്ടിയെടുത്തയാളുടെ പേരാണ് അതിലെങ്കിൽ തട്ടിയെടുത്തശേഷം എഴുതിയതാണെന്ന് യഥാർഥ ഉടമയ്ക്ക് തെളിയിക്കേണ്ടിവരും. ഇവിടെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് നിർണായകമാകും. പേരാവൂരിൽ സ്ത്രീശക്തി വിഭാഗത്തിൽപ്പെട്ട എസ്എൽ 804592 ടിക്കറ്റാണ് കാറിലെത്തിയ സംഘം തട്ടിയെടുെത്തത്. ഡിസംബർ 30-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. സമ്മാനത്തുക കിട്ടാൻ ജനുവരി 30-നകം ഇത് ഹാജരാക്കേണ്ടതുണ്ട്. ഒരുകോടി സമ്മാനം അടിച്ചാൽ നികുതി കഴിച്ച് 62,50,000 രൂപയാണ് കിട്ടുക. സാദിഖിന് 68 ലക്ഷം രൂപയും ഇടനിലക്കാരന് നാലുലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം സമീപിച്ചത്.
അഞ്ചംഗസംഘത്തിൽപ്പെട്ട ഒരാൾ അറസ്റ്റിൽ
പേരാവൂർ: ഒരുകോടിരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്ത അഞ്ചംഗസംഘത്തിൽപ്പെട്ട മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിന്റെ (30) അറസ്റ്റ് പേരാവൂർ പോലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പേരാവൂർ സ്വദേശി എ.കെ.സാദിഖിന്റെ ലോട്ടറി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 30-ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയാണ് സാദിഖിന് ലഭിച്ചിരുന്നത്. കേസിലെ കൂട്ടുപ്രതികൾക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലോട്ടറിയുമായി കടന്നുകളഞ്ഞ മറ്റു നാല് പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതിലൊരാൾ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശി ഫാരിസാണെന്ന് (33) പോലീസ് പറഞ്ഞു. ബാക്കി മൂന്നുപേർ മുഴക്കുന്ന് വിളക്കോട് സ്വദേശികളാണ്. ബുധനാഴ്ച രാത്രി തട്ടിപ്പുസംഘം സഞ്ചരിച്ച വഴികളിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പേരാവൂർ താലൂക്ക് ആസ്പത്രി റോഡിലൂടെ പുതുശ്ശേരി വഴി മലയോര ഹൈവേയിലെത്തിയ സംഘം അയ്യപ്പൻകാവ്, ജബ്ബാർക്കടവ് വഴി പയഞ്ചേരിമുക്കിലാണെത്തിയത്. അവിടെനിന്ന് പുന്നാട്-കായപ്പനച്ചി വഴി പാറക്കണ്ടത്തെത്തി എ.കെ.സാദിഖിന്റെ സുഹൃത്ത് വിജീഷിനെ കാറിൽനിന്ന് റോഡിൽ ഇറക്കിവിട്ട് ഇരിട്ടി ഭാഗത്തേക്ക് പോകുകയും ചെയ്തു. വിജീഷിനെ ഇറക്കിവിട്ട സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന് സർക്കാർ നല്കുന്ന പണത്തേക്കാൾ കൂടുതൽ തുക വാഗ്ദാനംചെയ്ത് സാദിഖിനെ സമീപിച്ച സംഘമാണ് തോക്ക് ചൂണ്ടി ടിക്കറ്റ് കൈവശപ്പെടുത്തിയത്. പേരാവൂർ എസ്ഐ എൻ.വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Content Highlights: A Rs 1 Crore Kerala Lottery ticket was stolen. Learn the legal steps and challenges to claim your prize money if your ticket is lost or stolen.
Published: 17 Jan 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented