കോലഞ്ചേരി (എറണാകുളം): മൂന്നരവയസ്സുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമണത്തിനിരയായതായി പറയുന്നു. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ പോലീസിനെ കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിൽ ചില പാടുകൾ കണ്ടെത്തിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് ഡോക്ടർമാർ പോലീസിന് നൽകിയ വിവരം.
പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകക്കേസ് ചെങ്ങമനാട് പോലീസ് ആണ് അന്വേഷിക്കുന്നത്. പീഡനക്കേസ് അന്വേഷിക്കുന്നത് പുത്തൻകുരിശ് പോലീസ് ആണ്. പുത്തൻകുരിശ് ഡിവൈഎസ്പിക്കാണ് പീഡനക്കേസിന്റെ അന്വേഷണച്ചുമതല. പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നില്ല. വ്യത്യസ്തമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിൽ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഭർതൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാൻ വേണ്ടിയാണ് താൻ ഇത്തരത്തിൽ ഒരു കൃത്യം നിർവഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. എന്നാൽ, സാഹചര്യത്തെളിവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നായിരുന്നു പോലീസ് പറഞ്ഞത്.
തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പാലത്തിൽ നിന്ന് എറിഞ്ഞപ്പോൾ തലക്ക് പരിക്കേറ്റ് കുട്ടി മരിച്ചതാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളിൽ വെള്ളം കയറിയിരുന്നു. ഹൃദയാഘാതമുണ്ടായി എന്ന വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു. വിശദമായ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമാകുന്നത്.
ഭര്‍തൃവീട്ടുകാര്‍ക്കെല്ലാം കുട്ടിയെ വലിയ കാര്യമായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. തിങ്കളാഴ്ച അങ്കണവാടിയിൽനിന്ന് കുട്ടിയെ അമ്മ വിളിച്ചുകൊണ്ടുപോയി പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുൻനിർത്തിയാണ് കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ ചോദ്യംചെയ്തതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച കുട്ടിയുടെ അമ്മയെ കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങിയശേഷമായിരിക്കും കൂടുതൽ നടപടി.
ഭർതൃവീട്ടിലെ പീഡനം
കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഭര്‍തൃവീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിഷുവിനു മുന്‍പ് ഒന്നര മാസത്തോളം ഇവർ സ്വന്തം വീട്ടില്‍ വന്നുനിന്നിരുന്നു. വിഷുവിനാണ് മടങ്ങിയത്. ഇതിനിടെ ഇവർക്ക് മാനസികമായി തകരാറുണ്ടോ എന്ന് പരിശോധിപ്പിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ ആശുപത്രിയില്‍ പരിശോധനയും നടത്തി. എന്നാൽ ഇവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഭര്‍തൃവീട്ടില്‍ മടങ്ങിച്ചെന്ന ശേഷവും തന്നെ പീഡിപ്പിക്കുകയാണെന്ന് മൂത്ത സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിന്റെ വനിതാ ഹെല്പ് ലൈനില്‍ പരാതിയും നല്‍കിയിരുന്നു.
കൂടുതൽ അന്വേഷണത്തിനായി അമ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
ചെങ്ങമനാട്: മൂന്നരവയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛൻ, മറ്റ് ബന്ധുക്കൾ, അങ്കണവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർ, ബസ് കണ്ടക്ടർമാർ തുടങ്ങിയവരുടെ മൊഴികൾ ആദ്യം രേഖപ്പെടുത്തും.
അമ്മയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിക്കാണ് കേസന്വേഷണത്തിന്റെ ചുമതല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാക്കനാട് വനിതാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Content Highlights: Shocking Revelations in Kerala Child Murder Case: Post-Mortem Points to Sexual Abuse
Published: 22 May 2025, 07:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented