കല്ലമ്പലം: പ്ലസ്ടു വിദ്യാർഥിയെ അതേ സ്കൂളിലെ വിദ്യാർഥികൾ അടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചതായി പരാതി. ഇതുസംബന്ധിച്ച് മാതാവ് കല്ലമ്പലം പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. കെ.ടി.സി.ടി. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥി ആലംകോട് കാവുനട എം.എ.ആർ. മൻസിലിൽ ആർ. നൗഫിയയുടെ മകൻ മുഹമ്മദ് സെയ്ദലിക്കാണ് ഇതേ സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർഥികളിൽനിന്ന് മർദനമേറ്റത്.

To advertise here,

ഇക്കഴിഞ്ഞ 22-ന് സ്കൂളിലെ മോഡൽ പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ സെയ്ദലിയെ പത്തോളം പ്ലസ് വൺ വിദ്യാർഥികൾചേർന്ന് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവരം വിദ്യാർഥി വീട്ടിൽ വിളിച്ചറിയിച്ചതിനേത്തുടർന്ന് മാതാവ് നൗഫിയ സ്കൂളിലെത്തി സ്കൂൾ അധികൃതർക്കൊപ്പം കെ.ടി.സി.ടി. ആശുപത്രിയിൽ സെയ്ദലിയെ പ്രവേശിപ്പിക്കുകയായിരുന്നു.

തോളെല്ലിലും കൈയ്ക്കും പൊട്ടലും കഴുത്തിന് പരിക്കും ഉള്ളതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘട്ടനത്തിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ തുടരന്വേഷണത്തിനായി സ്കൂൾ അധികൃതരും കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.