തിരുവനന്തപുരം/ പാറശ്ശാല: ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാർ നാടകീയമായി തമിഴ്‌നാട് പോലീസിനു കീഴടങ്ങി. കൊലപാതകം ചെയ്യുന്നതിനാണെന്നറിയാതെയാണ് സർജിക്കൽ ബ്ലേഡും മറ്റ് ഉപകരണങ്ങളും വാങ്ങിനൽകിയതെന്ന് ഇയാൾ പോലീസിനു മൊഴിനൽകി.
മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി സുനിൽകുമാർ വക്കീലുമായി കളിയിക്കാവിള പോലീസ് സ്റ്റേഷനിൽ ഹാജരായത്. ശനിയാഴ്ച രാവിലെ സുനിൽകുമാറിന്റെ കാർ കുലശേഖരത്തിനു സമീപത്ത് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് കേരളത്തിനും തമിഴ്‌നാടിനും പുറമേ കർണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിരുന്നു.
സുനിൽകുമാറിനെ പ്രത്യേക അന്വേഷണസംഘം മാർത്താണ്ഡത്തെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണ്. ഏഴുമാസം മുൻപാണ് ഒന്നാം പ്രതിയായ സജികുമാറുമായി ബന്ധപ്പെടുന്നതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തി. ഗ്ലൗസും ബ്ലേഡുമടക്കമുള്ള ഉപകരണങ്ങൾ താൻ വാങ്ങിനൽകിയതാണെന്നു സമ്മതിച്ച ഇയാൾ പക്ഷേ, ഇതെന്തിനുവേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ, അന്വേഷണസംഘം ഈ മൊഴികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. തനിക്കു വസ്ത്രങ്ങൾ വാങ്ങിനൽകുകയും അന്നേദിവസം കളിയിക്കാവിളയിൽ കാറിൽ എത്തിക്കുകയും ചെയ്തത് സുനിൽകുമാറാണെന്ന് സജികുമാർ നേരത്തെ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. കളിയിക്കാവിളയിൽ എത്തിയ ശേഷമാണ് കൊലപാതകം നടത്താൻ പോകുന്നതായി സജികുമാർ സുനിൽകുമാറിനോടു പറഞ്ഞതെന്നും താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊലപ്പെടുത്തുമെന്ന് സജികുമാർ ഭീഷണിപ്പെടുത്തിയതായും ഇയാൾ പോലീസിനോടു പറഞ്ഞു. സജികുമാറും നേരത്തെ പിടിയിലായ മറ്റൊരു പ്രതിയായ പ്രവീൺ ചന്ദ്രനും നൽകിയ മൊഴികൾ സുനിൽകുമാറിന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഗുണ്ടകളോട് ആരാധന
പാറശ്ശാല: ക്വാറി വ്യവസായി ദീപുവിനെ കളിയിക്കാവിളയിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതി സുനിൽകുമാറിനെ പ്രധാനപ്രതിയുമായി അടുപ്പിച്ചത് ഗുണ്ടകളോടുള്ള ആരാധന. വെങ്ങാനൂരിന് സമീപം പൂങ്കുളം സ്വദേശിയായ സുഹൃത്തുവഴി ഏഴുമാസം മുമ്പാണ് സുനിൽകുമാർ കേസിലെ പ്രധാന പ്രതിയായ ചൂഴാറ്റുകോട്ട സജികുമാറുമായി ബന്ധപ്പെടുന്നത്.
ഗുണ്ടകളുടെ വീരകഥകൾ ഏറെ ഇഷ്ടമുള്ള സുനിൽ കുമാർ ഇയാളുടെ പഴയകഥകൾ കേൾക്കുന്നത് പതിവായിരുന്നു. ഈ സൗഹൃദം പൊടുന്നനെ വളരുകയും ഇരുവരും തമ്മിൽ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ചെയ്തു. തിരുവനന്തപുരത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ഈ അടുത്ത കാലത്തിറങ്ങിയ മലയാള ചലച്ചിത്രം നിരവധി തവണ കണ്ടതായും ഇതാണ് സജികുമാറിന്റെ കഥകളോട് താത്പര്യമുയർത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു മദ്യപാനവേദിയിലാണ് ദീപുവിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് സുനിൽകുമാറിനോട് ആദ്യമായി വെളിപ്പെടുത്തിയതെന്ന് സജികുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Content Highlights: kaliyikkavila murder accused sunil kumar
Published: 02 Jul 2024, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented